നന്മയുടെ രുചിക്കൂട്ട് ഒരുക്കി ബിഎംഎം സ്കൂളിൽ ഭക്ഷ്യമേള
Mail This Article
പാമ്പാടി ∙ പാനീയമായ മൊഹീറ്റോ, നാടൻ വിഭവങ്ങളായ കൊഴുക്കട്ട, ചപ്പാത്തി, മിഠായികൾ തുടങ്ങി കുഴിമന്തി വരെ. ബിഎംഎം ഇംഗ്ലിഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യമേളയിൽ നിരന്നത് നാടനും വിദേശീയവുമായ ഇരുപത്തഞ്ചിലധികം ഭക്ഷണസാധനങ്ങൾ. സ്കൂൾ 40 വർഷങ്ങൾ പിന്നിടുന്നതിന്റെ ഭാഗമായി നടത്തുന്ന 40 പരിപാടികളോടനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിച്ചു.
രുചിയൂറും വിഭവങ്ങളുമായി 16 കൗണ്ടറുകൾ
വിവിധ ക്ലാസുകളിലായി ഒരുക്കിയ 16 കൗണ്ടറുകളിലാണ് ഭക്ഷ്യസാധനങ്ങൾ നിരന്നത്. കുട്ടികൾ പാകം ചെയ്തു കൊണ്ടുവന്ന വിവിധതരം ജ്യൂസുകളും ലഘുഭക്ഷണ സാധനങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയും മേളയിലെ ആകർഷണങ്ങളായി. ലൈവ് ഫ്രഞ്ച് ഫ്രൈസ് വിദ്യാർഥികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി വിളമ്പി. വിവിധ തരത്തിലുള്ള ഐസ്ക്രീം, കേക്കുകൾ എന്നിവയും കൗണ്ടറുകളിൽ നിരന്നു. നാരങ്ങാമിഠായി അടക്കം വിവിധതരം മിഠായികൾ പഴമയുടെ ഓർമകൾ നൽകി. ലഘുഭക്ഷണത്തിൽ പഴംപൊരി ബീഫ് കോംബിനേഷനായിരുന്നു ആരാധകരേറെ.
വിദ്യാർഥികൾ വിവിധ വിഭവങ്ങൾ ഒരുക്കിയപ്പോൾ ബിരിയാണിയുമായി അധ്യാപകർ മേളയിൽ സാന്നിധ്യം അറിയിച്ചു. ഭക്ഷ്യമേളയിൽ നിന്നു സ്വരൂപിച്ച തുക കാരുണ്യ പ്രവൃത്തികൾക്കായി മാറ്റിവയ്ക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ഒരാൾക്കാണ് സഹായം നൽകുകയെന്ന് പ്രിൻസിപ്പൽ റെജി ഏബ്രഹാം അറിയിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ. മാത്യു ഏബ്രഹാം, വൈസ് പ്രിൻസിപ്പൽമാരായ ലത മാത്യു, എലിസബത്ത് തോമസ്, ഹെഡ്മിസ്ട്രസ് ശോശാമ്മ ജോൺ എന്നിവർ നേതൃത്വം നൽകി.