കുമരകം നിവാസികൾ ചോദിക്കുന്നു: എന്ന് പണിതു തീരും ബസ്ബേയിലെ ശുചിമുറി?
Mail This Article
കുമരകം ∙ ഒന്നര വർഷമാകാറായിട്ടും പണി തീരാതെ ബസ്ബേയിലെ ശുചിമുറി. ഇനി എത്രനാൾ കൂടി കാത്തിരിക്കണം പണി പൂർത്തിയാക്കി ശുചിമുറി തുറക്കാനെന്ന് ആർക്കും നിശ്ചയമില്ല. ശുചിമുറിയുടെ പണി കോണത്താറ്റ് പാലം പണി പോലെ എന്ന് നാട്ടുകാർ പറഞ്ഞു തുടങ്ങി. പാലം പണി തുടങ്ങിയിട്ടു 2 വർഷം പിന്നിട്ടു. പുതിയ പാലം പണിക്കായി നിലവിലെ പാലം പൊളിച്ചപ്പോൾ ബസുകൾക്കു കയറാൻ പഞ്ചായത്ത് വക സ്ഥലം മണ്ണിട്ടുയർത്തി ബസ്ബേ ആക്കിയതാണ്.
പാലം പണിയും ബസ്ബേയിലെ ശുചിമുറിയും പണി തീരാത്ത അവസ്ഥയിൽ കിടക്കുന്നതു നാട്ടുകാർക്കൊപ്പം യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. ബസ്ബേയിൽ ബസ് കാത്തു നിൽക്കുന്നവർ ശുചിമുറി സൗകര്യമില്ലാതെ വിഷമിക്കുന്നു. 2023 ജൂണിൽ പണി തുടങ്ങിയ ശുചിമുറിയുടെ നിർമാണം ഏതാണ്ട് 75 % പൂർത്തിയായി. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം 25 ലക്ഷം രൂപ ചെലവഴിച്ചാണു ശുചിമുറിയും മറ്റു സൗകര്യങ്ങളും ഒരുക്കുന്നത്. ശുചിമുറിയുടെ ബാക്കി നിർമാണ പ്രവർത്തനങ്ങൾ നടത്തി തുറന്നു കൊടുക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
ബസ്ബേയുടെ സ്ഥിതി ദയനീയം
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ബസ്ബേയുടെ മുഴുവൻ ഭാഗവും വെള്ളത്തിലായി. 2 ദിവസം മഴ മാറിയപ്പോൾ കുഴിയിൽ മാത്രമായി വെള്ളം കെട്ടി നിൽക്കുകയാണ്. വൈക്കം, ചേർത്തല ഭാഗത്തു നിന്നുള്ള ബസുകളാണ് ബസ്ബേയിൽ എത്തുന്നത്. ബസ്ബേ മണ്ണിട്ടുയർത്തി ടാറിങ് നടത്തുകയും ശുചിമുറി തുറക്കുകയും ചെയ്താൽ മാത്രമേ ഇവിടെ എത്തുന്ന യാത്രക്കാരുടെ ദുരിതം മാറുകയുള്ളൂ.
കച്ചവടക്കാർക്ക് തിരിച്ചടി
കോണത്താറ്റ് പാലം പണി നീളുന്നതു പ്രദേശത്തെ കച്ചവടക്കാർക്കു തിരിച്ചടിയായി. ആളുകൾ എത്താതായതോടെ പാലത്തിനു സമീപം പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനം അടച്ചു പൂട്ടി. മറ്റു കടകളിൽ വ്യാപാരം കുറഞ്ഞു. പാലത്തിന്റെ സമീപനപാതയുടെ പണി 2025ൽ എങ്കിലും പൂർത്തിയാകുമോ എന്നാണു വ്യാപാരികളുടെ ചോദ്യം.