മുണ്ടക്കയം ബസ്സ്റ്റാൻഡ് ഇരുട്ടിന്റെ താവളം; കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
Mail This Article
മുണ്ടക്കയം ∙ കോട്ടയം ഇടുക്കി ജില്ലാ അതിർത്തിയിലെ പ്രധാന ബസ് സ്റ്റാൻഡിൽ രാത്രി കാലങ്ങളിൽ വെളിച്ചം പകരാൻ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യം. വ്യാപാര സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് ഇരുട്ട് നിറയും. ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും വെളിച്ചം തണൽമരത്തിന്റെ മറ കാരണം സ്റ്റാൻഡിന്റെ മുകൾഭാഗത്തേക്ക് ലഭിക്കില്ല. ഇവിടെയുള്ളത് ചെറിയ ലൈറ്റുകൾ മാത്രവും. രാത്രി എട്ടരയോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ ഹൈറേഞ്ച് റൂട്ടിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ ഇരുട്ടിലാണ് നിൽക്കുക. കെഎസ്ആർടിസി ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ഇരുൾ നിറയുന്നത്.
രാത്രി 9.15 വരെ സ്റ്റാൻഡിനുള്ളിൽ ബസുകൾ കയറുകയും ചെയ്യും. സ്റ്റാൻഡിനുള്ളിൽ കോൺക്രീറ്റിങ് തകർന്ന് കുഴികളും രൂപപ്പെട്ട നിലയിലാണ് . വെളിച്ചക്കുറവിൽ അപകട സാധ്യതയും വർധിക്കുന്നു. വെളിച്ചം കുറവായതിനാൽ സാമൂഹിക വിരുദ്ധ ശല്യവും ഉണ്ടാകാറുണ്ട്. ബസ് സ്റ്റാൻഡിനുള്ളിൽ നിർമാണം മുടങ്ങി കിടക്കുന്ന കെട്ടിടവും സാമൂഹിക വിരുദ്ധർ താവളമാക്കുന്നു. സർവീസ് അവസാനിക്കുന്ന ബസുകൾ പാർക്ക് ചെയ്യുന്നതും കംഫർട്ട് സ്റ്റേഷന് സമീപമുള്ള സ്ഥലത്താണ്. ഈ പ്രദേശത്തും കൂടുതൽ വെളിച്ചത്തിന്റെ ആവശ്യമുണ്ട്. സ്റ്റാൻഡിന് മുകൾ ഭാഗത്തായി തണൽമരത്തിന്റെ വശത്ത് മറ്റൊരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും.