പടിഞ്ഞാറൻ പ്രദേശങ്ങളിലെ തോടുകളിൽ നീരൊഴുക്ക് തടസ്സപ്പെട്ടു; വെള്ളം മലിനമായി
Mail This Article
കടുത്തുരുത്തി ∙ പടിഞ്ഞാറൻ പ്രദേശങ്ങളിലെ തോടുകളിലും ചെറുചാണകളിലും മലിനജലം നിറഞ്ഞു. പോളയും പായലും ചീഞ്ഞ് കെട്ടി നിൽക്കുന്ന വെള്ളം ഉപയോഗിക്കാൻ കഴിയാതെ പ്രദേശവാസികൾ ദുരിതത്തിലായി. ആയാംകുടി, എഴുമാന്തുരുത്ത്, പുലിത്തുരുത്ത്, മുണ്ടാർ, കൊല്ലങ്കേരി പ്രദേശങ്ങളിലാണ് തോടുകളിലും ചെറുചാണകളിലും നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളം മലിനമായത്. പ്രദേശവാസികൾ കുടിക്കുന്നതിനു ഒഴികെ ഭൂരിഭാഗം ആവശ്യങ്ങൾക്കും തോടുകളിലെ വെള്ളം ആണ് ഉപയോഗിക്കുന്നത്.
പായലും പോളയും അഴുകി ദുർഗന്ധം വമിക്കുന്ന വെള്ളമാണ് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇപ്പോൾ ഉള്ളത്. ഇതുമൂലം തുണി നനയ്ക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും കുളിക്കുന്നതിനും ഈ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. പടിഞ്ഞാറൻ പ്രദേശത്തെ ഭൂരിഭാഗം തോടുകളിലും കായലിലും പോളകളും പായലും നിറഞ്ഞു കിടക്കുകയാണ്. പലരും പോളയും പായലും അകറ്റാൻ കടവിൽ പ്ലാസ്റ്റിക് വല കെട്ടിയും കമ്പുകൾ കൊണ്ട് തടഞ്ഞും പായലിനെയും പോളകളെയും അകറ്റാൻ ശ്രമിക്കുന്നുണ്ട്. പാടശേഖരങ്ങളിൽനിന്നു പമ്പ് ചെയ്യുന്ന മലിനജലവും ദുരിതമാകുന്നുണ്ട്.
കീടനാശിനികളും രാസവളങ്ങളും അടങ്ങിയ വെള്ളമാണ് തോടുകളിൽ കെട്ടി നിൽക്കുന്നത്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളമാണ് പ്രദേശവാസികളുടെ ഏക ആശ്രയം. ഇത് കൃത്യമായി ലഭിക്കാതായതോടെ വടയാർ, എഴുമാന്തുരുത്ത്, തോട്ടകം, തലയോലപ്പറമ്പ് പ്രദേശങ്ങളിൽ എത്തി പലരും വെള്ളം ശേഖരിക്കുകയാണ്. തോടുകളിൽ ഉപ്പുവെള്ളം കയറ്റിയാൽ പായലും പോളയും നശിക്കും. എന്നാൽ, ഇതിനു നടപടി സ്വീകരിക്കുന്നില്ലെന്നാണു പരാതി. തോടുകളിൽ ഇറങ്ങുന്നവർക്കും ദേഹത്ത് ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നു. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്നു പ്രദേശവാസികൾ പരാതിപ്പെടുന്നു.