പരിപ്പ് തൊള്ളായിരം റോഡ്: 5.90 കോടി രൂപ അനുവദിച്ചു
Mail This Article
ഏറ്റുമാനൂർ∙ 3 പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമാണത്തിനായി 5.90 കോടി രൂപയുടെ ഭരണാനുമതി. 1985ലാണ് റോഡ് നിർമാണം തുടങ്ങി സമീപന പാലം പൂർത്തിയാക്കിയത്. തുടർന്ന് കേസുകളിലും ചുവപ്പുനാടയിലും കുരുങ്ങി നിർമാണം തടസ്സപ്പെട്ടു. മന്ത്രി വി.എൻ.വാസവന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പദ്ധതി പുനരാരംഭിക്കാൻ ഭരണാനുമതി ലഭിച്ചത്. മന്ത്രി തന്നെ ഇടപെട്ടതിനെ തുടർന്ന് ആദ്യം 5.29 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ ഈ തുകയ്ക്ക് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. തുടർന്ന് വീണ്ടും പുതിയ എസ്റ്റിമേറ്റ് തയാറാക്കേണ്ടി വന്നു. ഇതനുസരിച്ച് 61,25,341 രൂപ കൂടി വർധിപ്പിച്ച് പുതിയ എസ്റ്റിമേറ്റ് തയാറാക്കി നൽകുകയായിരുന്നു. 5,90,69,054 രൂപയുടെ പ്രവൃത്തികൾക്കാണ് ധനകാര്യ വകുപ്പിന്റെ പുതുക്കിയ അനുമതിയോടു കൂടി തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയത്.
അയ്മനം പഞ്ചായത്തിന്റെ 20, 1 വാർഡുകളിലാണ് പാലവും സമീപനപാതയും സ്ഥിതി ചെയ്യുന്നത്. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ എന്നീ പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതിന്റെ ഭാഗമായി വരുന്ന മാഞ്ചിറയിലെ പാലം കൂടി തീരുന്നതോടെ ഈ മേഖലയിൽ നിന്ന് കുമരകം വഴി, ആലപ്പുഴ, എറണാകുളം റോഡുകളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താൻ കഴിയും. ഇതിനായി മാഞ്ചിറ പാലത്തിന്റെ നിർമാണം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു തുക അനുവദിച്ച് പൂർത്തിയാക്കുമെന്നും മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.