ശരണമന്ത്രങ്ങളുടെ കാലം; മണ്ഡലത്തിരക്കിലേക്ക് എരുമേലി ഉണരുന്നു
Mail This Article
എരുമേലി ∙ ശരണമന്ത്രങ്ങളുടെ മാറ്റൊലിയിൽ വൃശ്ചികപ്പുലരിയിലേക്ക് നാളെ എരുമേലി ഉണരും. ഇനി മണ്ഡല, മകരവിളക്ക് കാലം എരുമേലിയിൽ തിരക്കിന്റെ ദിനങ്ങളാണ്. തീർഥാടനം ആരംഭിക്കുന്നതിനു ദിവസങ്ങൾ മുൻപു തന്നെ എരുമേലിയിൽ തീർഥാടകർ എത്തിത്തുടങ്ങി. ഇന്നലെ വൈകിട്ടോടെ പേട്ടകെട്ടും സജീവമായി. മണ്ഡല മാസം ഒന്നാം തീയതി മുതൽ 12 വരെ ക്ഷേത്രത്തിൽ കളമെഴുത്തും നടക്കും.
പാർക്കിങ് മൈതാനം
19 പാർക്കിങ് മൈതാനങ്ങളാണ് എരുമേലിയിൽ ഉള്ളത്. ഇതിൽ 1520 വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നാണ് പൊലീസിന്റെ കണക്ക്. ആദ്യമായിട്ടാണ് ഹൗസിങ് ബോർഡിന്റെ പാർക്കിങ് മൈതാനം കൂടി തുറന്നത്. ഇവിടെ 300 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്. ഇത്തവണയും പമ്പയിലും നിലയ്ക്കലും ഗതാഗതക്കുരുക്ക് ഉണ്ടായാൽ എരുമേലിയിലെ പാർക്കിങ് മൈതാനങ്ങളിൽ വാഹനങ്ങൾ തടയേണ്ടി വരുമെന്നാണ് പൊലീസിന്റെ നിലപാട്.
സുരക്ഷ ശക്തം
500 പൊലീസ് ഉദ്യോഗസ്ഥരാണ് മണ്ഡലകാലത്ത് എരുമേലിയിൽ സുരക്ഷയും ഗതാഗത നിയന്ത്രണവും നിർവഹിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡോഗ് സ്ക്വാഡിന്റെ പരിശോധനയും ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണവും എല്ലാ ദിവസവും ഉണ്ടാകും. എരുമേലിയിലെ പേട്ടതുള്ളൽ പാതയിലും ക്ഷേത്രവളപ്പിലും ശബരിമല പാതയിലെ പ്രധാന പോയിന്റുകളിലും പ്രാദേശികമായി പരിചയമുള്ളവരെ മാത്രം നിയമിക്കാൻ ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് നിർദേശം നൽകിയിട്ടുണ്ട്.
എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു മുന്നിൽ ആരംഭിച്ച പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും ജില്ലാ പൊലീസ് മേധാവി നിർവഹിച്ചു. എറ്റവും അധികം അപകടങ്ങൾ ഉണ്ടായിട്ടുള്ള എരുത്വാപ്പുഴ ഇറക്കം, കണമല അട്ടിവളവ് എന്നിവിടങ്ങളിൽ ഡ്രൈവർമാർക്ക് ജാഗ്രത പാലിക്കുന്നതിനായി പൊലീസ് മാക്കൽ കവലയിൽ നൽകുന്ന ചുക്കുകാപ്പിയുടെ വിതരണവും ആരംഭിച്ചു.
എരുമേലിയിൽ മൊബൈൽ സെപ്റ്റേജ് യൂണിറ്റ്
എരുമേലി ∙ തീർഥാടന മേഖലയിലെ ശുചിമുറി മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ സെപ്റ്റേജ് യൂണിറ്റ് ആരംഭിക്കുന്നു. നാളെ 8.30 ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം മൊബൈൽ സെപ്റ്റേജ് യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി നിർവഹിക്കും.
ഒരു മണിക്കൂറിൽ 6000 ലീറ്റർ മാലിന്യം വരെ സംസ്കരിക്കാനുള്ള ശേഷി മൊബൈൽ യൂണിറ്റിന് ഉണ്ട്. ശുചിമുറി മാലിന്യങ്ങൾ സംസ്കരിച്ച് ജലവും ഖരമാലിന്യവുമായി മാറ്റും. തീർഥാടന മേഖലയിലെ എല്ലാ ശുചിമുറികളിൽനിന്നുമുള്ള മാലിന്യം സംസ്കരിക്കുന്നതിന് ഈ യൂണിറ്റ് ഉപയോഗിക്കും. ചങ്ങനാശേരി നഗരസഭയിലെ മൊബൈൽ സെപ്റ്റേജ് യൂണിറ്റ് ആണ് എരുമേലിയിലേക്ക് എത്തിക്കുന്നത്.