സർക്കാർ നിലപാട് പുനഃപരിശോധിക്കണം: യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ
Mail This Article
കോട്ടയം∙ ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള യാതൊരുവിധ ചെലവുകളും സർക്കാരിന്റെ ബാധ്യതയല്ലെന്ന തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണമെന്ന് ഫെഡറേഷൻ ഓഫ് കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ്.
‘‘ശമ്പളത്തിനും പെൻഷൻ വിതരണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും സർക്കാരിനെ മാത്രം ആശ്രയിക്കുന്നവയാണ് കേരളത്തിലെ പൊതു സർവകലാശാലകൾ. ഗ്രാന്റ് ഇൻ എയ്ഡ് സാലറി എന്ന ബജറ്റ് ശീർഷകത്തിൽ നിന്ന് അനുവദിക്കുന്ന തുക സർക്കാരിന്റെ ബാധ്യതയല്ലെന്ന നിലപാട് അപഹാസ്യമാണ്.
‘‘സർക്കാരിന്റെ പൊതു തീരുമാനം സർവകലാശാലകളിലും ബാധകമാക്കുകയാണെങ്കിൽ അത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സർവകലാശാലകളിലെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ സ്തംഭിക്കും. വരുമാനം വർധിപ്പിക്കാൻ ഫീസ് നിരക്ക് കുത്തനെ വർധിപ്പിച്ചാൽ അത് നിർധനരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതിന് കാരണമാകും. പതിറ്റാണ്ടുകളായി വിവിധ സർക്കാരുകൾ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്ക് നൽകി വന്നിരുന്ന ധനസഹായത്തിൽ നിന്നും പിന്മാറുന്നത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ്.
‘‘കഴിഞ്ഞ മൂന്നു ബജറ്റുകളിലായി സംസ്ഥാന സർക്കാർ സർവകലാശാലകൾക്ക് ഗ്രാന്റ് വർധനവ് നൽകുന്നില്ല. ബജറ്റിൽ അനുവദിച്ച തുക കവർന്നെടുക്കുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട സംസ്ഥാനത്തെ സർവകലാശാലകളെ സംരക്ഷിക്കുന്നതിന് പകരം അവയെ തകർക്കുവാനുള്ള സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. കലാമണ്ഡലം കൽപിത സർവകലാശാലയിൽ കഴിഞ്ഞ ഒരുവർഷമായി ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ല.
‘‘പെൻഷനും എൻപിഎസ് വിഹിതം അടക്കുവാനും സർവകലാശാലകൾ പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന് മൂന്നുവർഷം മുൻപിറക്കിയ സർക്കാർ ഉത്തരവിന്റെ തനിയാവർത്തനമാണ് ഈ സർക്കുലറും.’’ വിവാദമായ ഈ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.