പൂത്തോട്ട പാലത്തിൽ അപകടം: ഗതാഗതം 12 മണിക്കൂർ തടസ്സപ്പെട്ടു
Mail This Article
പൂത്തോട്ട ∙ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ- വൈക്കം റോഡിൽ ഗതാഗതം 12 മണിക്കൂർ തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം. നിസ്സാര പരുക്കേറ്റ ഡ്രൈവർമാർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പാലത്തിന്റെ കയറ്റത്തിൽ തൃപ്പൂണിത്തുറ ഭാഗത്തു നിന്നു വന്ന കണ്ടെയ്നർ ലോറി വൈക്കത്തു നിന്നു പൂത്തോട്ട ഭാഗത്തേക്കു വരികയായിരുന്ന ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറി ആയിരുന്നു അപകടം.
ടൈലുകൾ കയറ്റി വന്ന കണ്ടെയ്നർ ലോറി പാലത്തിന്റെ തുടക്കത്തിലെ കട്ടിങ്ങിൽ ചാടി നിയന്ത്രണം തെറ്റിയാണ് എതിരെ വന്ന ടിപ്പറിൽ ഇടിച്ചത്. ആഘാതത്തിൽ ടിപ്പർ പാലത്തിന്റെ മധ്യഭാഗത്തേക്കു തള്ളി നീങ്ങി. ഇരു വാഹനങ്ങളും പാലം നിറഞ്ഞു കിടന്നതോടെ വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. വൈക്കത്തേക്കുള്ള വാഹനങ്ങളും എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങളും കാഞ്ഞിരമറ്റം മില്ലുങ്കൽ വഴി തിരിച്ചു വിട്ടു. പൊലീസും അഗ്നിരക്ഷാ സേനയും ഗതാഗതം നിയന്ത്രിച്ചു.
രാവിലെ എട്ടോടെ ക്രെയിൻ എത്തിയെങ്കിലും വാഹനങ്ങൾ പാലത്തിന്റെ മധ്യഭാഗത്തായതും കണ്ടെയ്നർ ലോറിയിൽ നിറയെ ടൈലുകളായതും വാഹനങ്ങൾ പൊക്കി മാറ്റുന്നതു ബുദ്ധിമുട്ടായി. ചെരിഞ്ഞു കിടന്ന ടിപ്പർ ലോറി നേരെയാക്കിയതോടെ ചെറിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിട്ടു. ഉച്ചയോടെ ടിപ്പർ ലോറി ക്രെയിനിന്റെ സഹായത്തോടെ കാട്ടിക്കുന്ന് ഭാഗത്തേക്കു മാറ്റിയ ശേഷം കാറുൾപ്പെടെ വാഹനങ്ങൾ പാലത്തിന്റെ ഒരു വശത്ത് കൂടി കടത്തിവിട്ടു. കണ്ടെയ്നർ ലോറി പാലത്തിൽ നിന്ന് മാറ്റി വൈകിട്ട് അഞ്ചോടെയാണ് വലിയ വാഹനങ്ങൾ കടത്തിവിട്ടത്. ഗതാഗതം സാധാരണ നിലയിലാകാൻ പിന്നെയും ഒരു മണിക്കൂർ കൂടി എടുത്തു.