‘കുട്ടിക്കളിയല്ല ഞങ്ങളുടെ സ്വപ്നങ്ങൾ’; ശിശുദിനത്തിൽ കുട്ടികൾ പങ്കുവച്ച ആശയങ്ങൾ
Mail This Article
കോട്ടയം ∙ സ്ത്രീ–പുരുഷ തുല്യതയുള്ള സമൂഹമാണ് സെന്റ് ആൻസ് ഗേൾസ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥി അതുല്യയുടെ സ്വപ്നം. സിവിൽ സർവീസ് ഉദ്യോഗസ്ഥയാകാൻ ആഗ്രഹിക്കുന്ന അതുല്യ, സ്ത്രീ ശാക്തീകരണത്തിന്റെ ഉറച്ച വക്താവു കൂടിയാണ്. ജാതിയും മതവും ഇല്ലാത്തൊരു ലോകമാണ് അൻവിത അനീഷ് മുന്നോട്ട് വയ്ക്കുന്നത്. ‘പാർട്ട് ടൈം ജോലി ചെയ്തു സ്വന്തം കാര്യം നോക്കാനുള്ള സാഹചര്യം പെൺകുട്ടികൾക്കും ലഭിക്കണം.’
ദക്ഷിണ കൊറിയയിൽ പോയി മെഡിസിനു പഠിക്കാനാണ് ഏഴാം ക്ലാസുകാരി അൻവിതയുടെ ആഗ്രഹം. ബഹിരാകാശത്തെക്കുറിച്ചും ഭൂമിയെക്കുറിച്ചു പഠിക്കാനാഗ്രഹിക്കുന്ന അൽഫോൻസായ്ക്കാകട്ടെ ഭൂമി കൂടുതൽ പച്ചപ്പു നിറഞ്ഞതായിരിക്കണമെന്നാണ് ആഗ്രഹം. ബഹിരാകാശത്തേക്കൊരു വിനോദയാത്രയാണ് ആറാം ക്ലാസ് വിദ്യാർഥിയായ ജുമാന വസീബിന്റെ ലക്ഷ്യം. പഠിച്ചു ജോലി നേടുമ്പോൾ മാതാപിതാക്കളെ പൊന്നുപോലെ നോക്കുമെന്നു സെന്റ് ആൻസ് ഗേൾസ് എച്ച്എസ്എസ്സിലെ ഈ നാലു പേരും ഉറച്ച ശബ്ദത്തോടെ പറഞ്ഞു.