താഴത്തങ്ങാടി ഓളപ്പരപ്പിൽ ഇന്ന് തീ പാറും; മത്സരിക്കുന്നത് 9 ചുണ്ടൻ വള്ളങ്ങൾ
Mail This Article
കോട്ടയം ∙ വിജയം നേടുന്ന ചുണ്ടന്റെ നായകനാകണം. ഇന്നു താഴത്തങ്ങാടിയിലെ ആറ്റിൽ തുഴയെറിയുന്നവർക്ക് ഈ ഒരു ലക്ഷ്യമേ ഉള്ളൂ. ഇന്നു 2നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം താഴത്തങ്ങാടിയിലെ ഓളപ്പരപ്പിലൂടെ ചീറിയെത്തുന്ന വള്ളങ്ങൾക്കായി കരകളും ക്ലബ്ബുകളും കാത്തിരിക്കും. പിന്നെ ആർപ്പുവിളികൾ. 9 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. ഓളപ്പരപ്പിലെ ഇതിഹാസമായ കാരിച്ചാലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുഴവേഗത്തിന് കൂട്ട്. നെഹ്റു ട്രോഫിയിൽ വീരഗാഥകൾ രചിച്ച യുബിസി കൈനകരി കന്നി സിബിഎല്ലിൽ നീരണിയുന്ന തലവടി ചുണ്ടനിലാണ് മാറ്റുരയ്ക്കുന്നത്. മേൽപാടം ചുണ്ടനിൽ കുമരകം ബോട്ട് ക്ലബ് എത്തുമ്പോൾ ചങ്ങനാശേരി ബോട്ട് ക്ലബ് ആയാപറമ്പ് വലിയ ദിവാൻജിയിൽ തുഴഞ്ഞെത്തും.
വില്ലേജ് ബോട്ട് ക്ലബ് കൈനകരി വീയപുരം ചുണ്ടനിലാണ് പയറ്റുന്നത്. മൈക്രോ സെക്കൻറുകളുടെ വ്യത്യാസത്തിലാണ് വിബിസിയ്ക്ക് ഇക്കുറി നെഹ്റു ട്രോഫി നഷ്ടമായത്. പള്ളാത്തുരുത്തിയുടെ കരുത്തിൽ കഴിഞ്ഞ തവണ സിബിഎൽ കിരീടമണിഞ്ഞ ചുണ്ടനാണ് വീയപുരം. ആദ്യ സിബിഎൽ ജേതാവായ നടുഭാഗം ചുണ്ടനിൽ ഇക്കുറി കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് എത്തുന്നത്. സ്വന്തം ചുണ്ടനുമായി നിരണം ബോട്ട് ക്ലബ്ബും നെട്ടയത്തിലിറങ്ങും. ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് പായിപ്പാടിലും പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളത്തിലും തുഴയെറിയും.
∙ സമ്മാനങ്ങളുടെ കുത്തൊഴുക്ക്
സമ്മാനങ്ങളുടെ കുത്തൊഴുക്കാണ് ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) പ്രത്യേകത. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5, 3, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്റെ 6 ലീഗ് മത്സരങ്ങളുടെയും പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും. ഇതിനു പുറമേ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടൻവള്ളം ഉടമകൾക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നൽകും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സിബിഎൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
∙ ചെറുവള്ളങ്ങൾ
തുരുത്തിത്തറ, മൂന്ന് തൈയ്ക്കൻ ( ഇരുട്ടുക്കുത്തി ഒന്നാം ഗ്രേഡ്).സെന്റ് ജോസഫ്, ജലറാണി, തുരുത്തിപ്പുറം, ദാനിയേൽ, കുറുപ്പുംപറമ്പൻ, താണിയൻ. (ഇരുട്ടുകുത്തി രണ്ടാം ഗ്രേഡ്).പി ജി കരീപ്പുഴ, ഏബ്രഹാം മൂന്ന് തൈയ്ക്കൻ, പുന്നത്ര പുരയ്ക്കൽ (വെപ്പ് രണ്ടാം ഗ്രേഡ്).
∙ റേസ് കോഴ്‌സ് ക്രമീകരണങ്ങൾ
സ്റ്റിൽ സ്റ്റാർട്ടിങ് സംവിധാനം, 3 ട്രാക്കുകൾ, ഫോട്ടോ ഫിനിഷിങ്, റിമോർട്ട് മാഗ്നറ്റിക്ക് ടൈമിങ് സിസ്റ്റം ക്രമീകരിക്കും. ഫിനിഷിങ് പോയിന്റിലുള്ള മുഖ്യ പവലിയനിൽ 400 പേർക്ക് ഇരിക്കാം.
∙ ഗതാഗത ക്രമീകരണം
കോട്ടയം നഗരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്നു 2 മുതൽ 7 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ∙ കോട്ടയം നഗരത്തിൽ നിന്നു കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംക്‌ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംക്‌ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകണം.
∙കുമരകം ഭാഗത്ത് നിന്നു കോട്ടയം നഗരത്തിലേക്കു വരുന്ന വലിയ വാഹനങ്ങൾ ഇല്ലിക്കൽ, തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംക്‌ഷൻ വഴിയാണ് പോകേണ്ടത്.
∙ കുമരകം ഭാഗത്ത് നിന്നു ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇല്ലിക്കൽ നിന്നു തിരുവാതുക്കൽ എത്തി പതിനാറിൽചിറ, സിമന്റ് കവല വഴി എംസി റോഡിലെത്തി പോകണം.
∙ എംസി റോഡിൽ ചങ്ങനാശേരി ഭാഗത്തു നിന്നു കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവല നിന്നും തിരിഞ്ഞ് പതിനാറിൽചിറ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴിയാണ് പോകേണ്ടത്.
∙ കുമ്മനം, കല്ലുമട ഭാഗങ്ങളിൽ നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു തിരിഞ്ഞു പോകണം.