ജൂബിലിത്തിരുനാളിനൊരുങ്ങി പാലാ കുരിശുപള്ളി
Mail This Article
പാലാ ∙ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിനൊരുങ്ങി ടൗൺ കുരിശുപള്ളി. ഡിസംബർ 1ന് ആരംഭിക്കുന്ന തിരുനാൾ 8നു സമാപിക്കും. കത്തീഡ്രൽ, ളാലം സെന്റ് മേരീസ് പഴയപള്ളി, ളാലം സെന്റ് ജോർജ് പുത്തൻപള്ളി ഇടവകകൾ സംയുക്തമായാണ് ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്.ഡിസംബർ 1നു വൈകിട്ട് 4.30നു ളാലം പഴയ പള്ളിയിൽ കുർബാന. തുടർന്ന് 5.30നു തിരുനാൾ പതാകയുമായി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. 6 നു കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റും. തുടർന്നു ലദീഞ്ഞ്. 2 മുതൽ 6 വരെ ദിവസവും രാവിലെ 5.30നു കുർബാന, ലദീഞ്ഞ്. വൈകിട്ട് 5.30നു ജപമാല. 6നു കുർബാന, സന്ദേശം, ലദീഞ്ഞ്. 7നു രാവിലെ 5.30നു കുർബാന, ലദീഞ്ഞ്. 7.30നു അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും.
8നു സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളുടെ മരിയൻ റാലി. ഉച്ചകഴിഞ്ഞ് 2.30നു ജൂബിലി സാംസ്കാരിക ഘോഷയാത്ര, 3.15നു ടൂവീലർ ഫാൻസിഡ്രസ് മത്സരം, 3.45നു ബൈബിൾ ടാബ്ലോ മത്സരം. വൈകിട്ട് 5നു കുർബാന, 6 നു ആഘോഷമായ പ്രദക്ഷിണം. 9.15നു സമാപന പ്രാർഥന. പ്രധാന തിരുനാൾ ദിനമായ 8 നു രാവിലെ 6.30 നു കുർബാന, സന്ദേശം, ലദീഞ്ഞ്. 9.15നു പ്രസുദേന്തി സംഗമം, സമർപ്പണം. 10 നു തിരുനാൾ കുർബാന, സന്ദേശം-ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. 2നു കുർബാന, സന്ദേശം, വൈകിട്ട് 4നു ആഘോഷമായ പട്ടണ പ്രദക്ഷിണം, രാത്രി 8.45 നു സമാപനാശീർവാദം, തുടർന്ന് സമ്മാനദാനം. 9 നു രാവിലെ 5.30നു കുർബാന, 11.15നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.
പാലാ ∙ ജൂബിലിത്തിരുനാൾ പന്തൽ കാൽനാട്ടു കർമവും നോട്ടിസ് പ്രകാശനവും ജൂബിലി ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഫാ.ജോസ് കാക്കല്ലിൽ നിർവഹിച്ചു. ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി ഫാ.ജോർജ് മൂലേച്ചാലിൽ, സഹ വികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.മാത്യു കോലത്ത്, ഫാ.സ്കറിയ മേനാംപറമ്പിൽ, ഫാ.ജോർജ് ഈറ്റയ്ക്കക്കുന്നേൽ, ഫാ.ജോർജ് ഒഴുകയിൽ, ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടുകോട്ടയിൽ, ഫാ.ആന്റണി നങ്ങാപ്പറമ്പിൽ കൈക്കാരന്മാരായ തോമസ് മേനാംപറമ്പിൽ, ജോയി പുളിക്കൽ, ജോണി പന്തപ്ലാക്കൽ, നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തൻ, രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ, ജോഷി വട്ടക്കുന്നേൽ, ബിജി ജോജോ, തങ്കച്ചൻ കാപ്പിൽ, ജോജോ കുടക്കച്ചിറ, കുഞ്ഞുമോൻ പാലയ്ക്കൽ, ടെൻസൺ വലിയ കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
നാടകമേള 1 മുതൽ
പാലാ ∙ ജൂബിലി തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നാടകമേള. ഡിസംബർ 1 മുതൽ 6 വരെ ദിവസവും വൈകിട്ട് 7.30നു ടൗൺ ഹാളിലാണ് നാടകമേള. കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) നടത്തുന്ന നാടകമേളയിൽ 1നു ഓച്ചിറ സരിഗയുടെ സത്യമംഗലം ജംക്‌ഷൻ, 2നു ചിറയൻകീഴ് അനുഗ്രഹയുടെ ചിത്തിര, 3നു കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ വനിത മെസ്, 4നു തിരുവനന്തപുരം അസിധാരയുടെ പൊരുൾ, 5നു കോഴിക്കോട് വടകര വരദയുടെ അമ്മമഴക്കാറ്, 6നു ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം എന്നിവ അരങ്ങേറും.
പാലാ ∙ കാത്തലിക് യങ് മെൻസ് ലീഗ് (സിവൈഎംഎൽ) നടത്തുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം ഡിസംബർ 7നു വൈകിട്ട് 3.15 നു നടത്തും. വിജയികൾക്ക് ആകർഷകമായ കാഷ് അവാർഡുകൾ നൽകും. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച് ളാലം പാലം ജംക്‌ഷനിൽ ടൂവീലർ ഫാൻസിഡ്രസ് മത്സരം സമാപിക്കും.
പാലാ ∙ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ജൂബിലി ആഘോഷക്കമ്മിറ്റി നടത്തുന്ന ബൈബിൾ ടാബ്ലോ മത്സരം ഡിസംബർ 7നു വൈകിട്ട് 3.45നു സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച് ളാലം പാലം ജംക്‌ഷനിൽ സമാപിക്കും. വിജയികൾക്ക് യഥാക്രമം 50,001, 40,001, 30,001 രൂപയും ട്രോഫിയും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് 15000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നൽകും.
പാലാ ∙ പാലാ സ്പോർട്സ് ക്ലബ്ബിന്റെ 30-ാമത് ജൂബിലി വോളിബോൾ ടൂർണമെന്റ് ഡിസംബർ 1 മുതൽ 6 വരെ നഗരസഭ ഫ്ലഡ്‌ലിറ്റ് കോർട്ടിൽ നടത്തും. കേരളത്തിലെ പ്രമുഖ ടീമുകളും മറ്റു സംസ്ഥാന ടീമുകളും മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് കാഷ് അവാർഡുകളും എവർറോളിങ് ട്രോഫിയും നൽകും.
പാലാ ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് യൂണിറ്റ് ഡിസംബർ 4 മുതൽ 8 വരെ പുഴക്കര മൈതാനത്ത് ഫുഡ് ഫെസ്റ്റ് നടത്തും. 50 ലേറെ സ്റ്റാളുകളിലായി നടത്തുന്ന ഫെസ്റ്റിൽ വാഹന പ്രദർശന പവിലിയനുമുണ്ട്.
പുത്തൻശോഭയിൽ ജൂബിലി കപ്പേള
പാലാ ∙ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ജൂബിലി കപ്പേളയ്ക്ക് ഇനി പുത്തൻശോഭ. രാത്രി കുരിശുപള്ളി കൂടുതൽ പ്രകാശിതമാകുന്നതിനായി അത്യാധുനിക രീതിയിലുള്ള എൽഇഡി, സ്പോട്ട് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയിലുള്ള ഇലുമിനേഷൻ ജോലികൾ തിരുനാളിനു മുൻപായി പൂർത്തിയാക്കും. കഴിഞ്ഞ ഏതാനും മാസമായി നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. എന്നാൽ ജനാലകളിലെ സ്റ്റെയിൻ ഗ്ലാസ് ജോലികൾ പൂർത്തിയാകാൻ ഏതാനും മാസങ്ങൾകൂടി കഴിയണം. കരിങ്കല്ലുകൾ ചേരുന്ന ഭാഗത്തു രൂപപ്പെട്ട വിടവുകൾ നികത്തുകയും പായലും ചെളിയും കറയും നീക്കുകയും ചെയ്തിട്ടുണ്ട്. കുരിശുപള്ളിയുടെ മുകളിൽ 4 വശങ്ങളിലുമുള്ള വലിയ ക്ലോക്കിലെ മണിനാദവും മരിയസ്തുതി ഗീതവും വീണ്ടും ആരംഭിക്കാനുള്ള ജോലികളും അവസാനഘട്ടത്തിലാണ്.