യാത്രക്കാരെ വലച്ചു കെഎസ്ആർടിസിയുടെ സർവീസ് പരിഷ്കാരം; സമയത്തിനു ബസ് ലഭിക്കാത്ത അവസ്ഥ
Mail This Article
കുറവിലങ്ങാട് ∙ യാത്രക്കാരെ വലച്ചു കെഎസ്ആർടിസിയുടെ സർവീസ് പരിഷ്കാരം. കൂത്താട്ടുകുളം–കോട്ടയം റൂട്ടിൽ വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാർക്കു സമയത്തിനു ബസ് ലഭിക്കാത്ത അവസ്ഥ. കൂത്താട്ടുകുളം ഡിപ്പോയിൽനിന്നു 10 ഓർഡിനറി ബസുകളാണ് കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്നത്. പക്ഷേ, ഉന്നത ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ പരിഷ്കാരങ്ങളും അലംഭാവവും മൂലം ബസ് സർവീസുകൾ യാത്രക്കാർക്കു പ്രയോജനപ്പെടാത്ത അവസ്ഥയാണ്. ജീവനക്കാരുടെ ഡ്യൂട്ടി രീതിയിൽ മാറ്റം വരുത്തിയതോടെ ട്രിപ്പുകളുടെ എണ്ണം കുറഞ്ഞു. പല ബസുകളും ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിക്കുന്നു.
ബസുകൾ റൂട്ട് മാറി സർവീസ് നടത്തുന്നതാണ് മറ്റൊരു പ്രശ്നം. കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നു രാവിലെ 8ന് കോട്ടയത്തിനു സർവീസ് നടത്തുന്ന ബസ് കടന്നു പോയാൽ പിന്നെ 9.25നാണ് അടുത്ത ബസ്. 8.40ന് സർവീസ് നടത്തിയിരുന്ന ഓർഡിനറി റൂട്ട് മാറ്റിയതാണ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. ഓർഡിനറി ബസുകളെ മാത്രം ആശ്രയിക്കുന്ന പുതുവേലി, ആച്ചിക്കൽ, അരിവവളവ്,മോനിപ്പള്ളി, ചീങ്കല്ലേൽ, കുര്യനാട് വഴി സർവീസ് നടത്തിയിരുന്ന ബസ് ആണ് മറ്റൊരു റൂട്ടിലേക്കു മാറ്റിയത്. സ്കൂൾ വിദ്യാർഥികൾ, ഓഫിസ് ജീവനക്കാർ തുടങ്ങിയവർ ഏറ്റവും അധികം ആശ്രയിക്കുന്ന സർവീസായിരുന്നു ഇത്. മികച്ച വരുമാനവും ലഭിച്ചിരുന്നു. പക്ഷേ റൂട്ട് മാറ്റിയതോടെ വരുമാനം കുറഞ്ഞു. യാത്രാക്ലേശം വർധിക്കുകയും ചെയ്തു.
ബസുകളുടെ കാലപ്പഴക്കം ആണ് മറ്റൊരു പ്രശ്നം. പല ബസുകളും ഓട്ടത്തിനിടെ വഴിയിൽ നിന്നു പോകുന്നു. കഴിഞ്ഞദിവസം ഡ്രൈവർ എത്താത്തതുമൂലം ഒരു സർവീസ് റദ്ദാക്കിയ സംഭവം ഉണ്ടായി. വരുമാനത്തിന്റെ കാര്യത്തിലും കൂത്താട്ടുകുളം ഡിപ്പോ പിന്നാക്കം പോകുകയാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു.സംസ്ഥാനത്തു ആകെയുള്ള 93 കെഎസ്ആർടിസി ഡിപ്പോകളിൽ വരുമാനത്തിന്റെ കാര്യത്തിൽ 82–ാം സ്ഥാനത്താണു കൂത്താട്ടുകുളം ഡിപ്പോ.