ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്; എംസി റോഡ് മന്ദിരം കവല കടക്കാൻ പെടാപ്പാട്
Mail This Article
കുറിച്ചി ∙ എംസി റോഡിലെ തിരക്കേറിയ ജംക്‌ഷനുകളിൽ ഒന്നായ മന്ദിരം കവല യാത്രക്കാർക്ക് പേടി സ്വപ്നമാകുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്. വാഹനങ്ങൾ ഇതിലേ കടന്നു പോകുന്നത് ഏറെ പണിപ്പെട്ടാണ് . നാല് പ്രധാന റോഡുകൾ വന്നു ചേരുന്ന മന്ദിരം കവലയിൽ സിഗ്നൽ സംവിധാനമോ ആവശ്യത്തിനുള്ള മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. മുട്ടത്ത്കടവ് – കരിനാട്ടുവാല റോഡും, ഹോമിയോ കോളജ്– മാളികക്കടവ് റോഡുമാണ് എംസി റോഡിലേക്ക് വന്നു ചേരുന്നത്. എംസി റോഡിലൂടെ കോട്ടയം ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ കുപ്പിക്കഴുത്ത് പോലുള്ള ഹോമിയോ കോളജ് റോഡിലേക്കു തിരിയുമ്പോൾ ജംക്‌ഷനിൽ കനത്ത ഗതാഗതക്കുരുക്കാണ്. സ്വകാര്യ ബസുകൾ ഇവിടെ തന്നെ നിർത്തി ആളെ കയറ്റി ഇറക്കുന്നതോടെ പിന്നിൽ വാഹനങ്ങളുടെ നീണ്ട നിരയാകും. എംസി റോഡ് നിശ്ചലമാകും.
ഹോമിയോ കോളജ് റോഡിൽ നിന്നു എംസി റോഡിലേക്കും വാഹനങ്ങൾ പ്രവേശിക്കുമ്പോൾ സമാന സ്ഥിതിയാണ്. കോട്ടയം ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുമ്പോഴാണ് അപകടവും ഗതാഗതക്കുരുക്കും രൂക്ഷം. വാഹനങ്ങൾ തമ്മിൽ ഉരസിയുണ്ടാകുന്ന വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്. മുട്ടത്ത് കടവ് റോഡിലേക്ക് തിരിയുന്നയിടത്തും ഇതേ അവസ്ഥ തന്നെയാണ്. മണ്ണ് ലോഡുമായി ഒട്ടേറെ ടിപ്പർ ലോറികളാണ് ഹോമിയോ കോളജ് റോഡിൽ നിന്നും എംസി റോഡ് കുറുകെ കടന്ന് മുട്ടത്ത്കടവ് ഭാഗത്തേക്ക് പോകുന്നത്. തുടർച്ചയായി ലോറികൾ പോകുന്നത് കാരണം എംസി റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് റോഡിലൂടെ നടന്നു പോകുന്നത്. സചിവോത്തമപുരം ആരോഗ്യകേന്ദ്രവും കവലയ്ക്ക് സമീപം പ്രവർത്തിക്കുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള വേഗ നിയന്ത്രണ സംവിധാനങ്ങൾ റോഡിൽ ഇല്ല.
നാല് റോഡുകൾ വന്നു ചേരുന്ന ജംക്‌ഷനാണെന്നു സൂചിപ്പിക്കുന്ന മുന്നറിയിപ്പുകളുമില്ല. നിലവിലുള്ള മുന്നറിയിപ്പ് ബോർഡുകൾ വാഹനങ്ങൾ ഇടിച്ചും പായൽ പിടിച്ചും റോഡരികിൽ കിടക്കുകയാണ്. സ്ഥലപരിചമില്ലാത്ത യാത്രക്കാരാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. സീബ്രാലൈൻ മാഞ്ഞിട്ട് മാസങ്ങളായി. ജീവൻ കൈയിൽ പിടിച്ചുവേണം റോഡ് കുറുകെ കടക്കാൻ. വഴിവിളക്കുകളില്ലാത്തതും അപകടത്തിന് കാരണമാകുന്നു. ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നും അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.