എരുമേലിയിലെ ശരണവഴികൾ ഉണർന്നു
Mail This Article
എരുമേലി ∙ ശരണമന്ത്രങ്ങളാൽ മുഖരിതമായി എരുമേലി. പല നാടുകളിൽനിന്ന് പല ഭാഷകൾ സംസാരിക്കുകയും പല സംസ്കാരങ്ങൾ പിന്തുടരുകയും ചെയ്യുന്ന ഭക്തർ ഒരുമിച്ച് ഒരു മനസ്സായി ഒരേ ശബ്ദത്തിൽ ശരണം വിളിച്ച് പേട്ടതുള്ളിപ്പോകുന്ന അപൂർവ കാഴ്ചയും എരുമേലിയിൽ കാണാം.
പേട്ടതുള്ളൽ
കറുപ്പ്, കാവി, നീല നിറങ്ങളിലുള്ള വസ്ത്രങ്ങളാണു സാധാരണ ധരിക്കുന്നത്. സിന്ദൂരം വാങ്ങി ദേഹത്തു പൂശും. ശരക്കോൽ, കച്ച, ഗദ, കറപ്പു കച്ച തുടങ്ങിയവ വാങ്ങാൻ എരുമേലിയിൽ സൗകര്യമുണ്ട്.വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണു പേട്ട ആരംഭിക്കുന്നത്. വാദ്യമേളക്കാർക്ക് ദേവസ്വം നിശ്ചയിച്ച ഫീസുണ്ട്. ഒരു വാദ്യകലാകാരന് 250 രൂപയാണ് ഫീസ്. മഹിഷീനിഗ്രഹത്തിന്റെ ഓർമ പുതുക്കി കമ്പിൽ കോർത്ത കരിമ്പടത്തിൽ പച്ചക്കറിസാമഗ്രികൾ നിറച്ച് തോളിൽ ചുമന്ന് പേട്ടതുള്ളന്നവരുമുണ്ട്. കൊച്ചമ്പലത്തിൽ ആദ്യം ദർശനം നടത്തിയ ശേഷം വാവർപള്ളിയിലും ദർശനം നടത്തി പള്ളിക്കു ചുറ്റും വലംവച്ചാണ് പേട്ട സംഘങ്ങൾ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.
പേട്ട വലിയമ്പലത്തിലേക്ക്
കൊച്ചമ്പലത്തിൽനിന്ന് വലിയമ്പലത്തിലേക്ക് വിശുദ്ധപാതയിലൂടെ 400 മീറ്റർ ദൂരത്തിലാണ് പേട്ടകെട്ട് നടക്കുന്നത്. വലിയമ്പലത്തിന്റെ ഗോപുരവാതിൽ കടന്ന് നടപ്പന്തൽ വരെ വാദ്യമേളക്കാർ അനുഗമിക്കും. ഇവിടെ പേട്ടകെട്ട് അവസാനിപ്പിച്ച ശേഷം വലിയ തോട്ടിലെ കുളിക്കടവിൽ തീർഥാടകർ സ്നാനം നടത്തിയാണ് ദർശനം നടത്തുന്നത്. ദേവസ്വം ബോർഡും ഭക്ത സംഘടനകളും വലിയമ്പലത്തിൽ അന്നദാനം ഒരുക്കിയിട്ടുണ്ട്.
പമ്പയിലേക്ക്
എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ ദർശനവും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്കുള്ള യാത്ര തുടരും. ഹില്ലി അക്വാ കുപ്പിവെള്ളത്തിന് 10 രൂപ മാത്രം പ്രധാന ഇടത്താവളങ്ങൾക്ക് സമീപമുള്ള റേഷൻ കടകളിൽ ശബരിമല തീർഥാടകർക്കും ജനങ്ങൾക്കുമായി സർക്കാരിന്റെ 'സുജലം' പദ്ധതിയുടെ ഭാഗമായ ഹില്ലി അക്വാ കുപ്പിവെള്ളം ലീറ്ററിന് 10 രൂപ നിരക്കിൽ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.
എരുമേലി ധർമശാസ്താ ക്ഷേത്രത്തിലെ (വലിയമ്പലം) പ്രധാന വഴിപാടുകൾ
∙ നീരാജനം –12 രൂപ (നാളികേരം കൊണ്ടുവരണം)
∙ എള്ള് പായസം (കാൽ ലീറ്റർ) –50 രൂപ
∙ പാനകം (കാൽ ലീറ്റർ – 50 രൂപ
∙ ഉണ്ണിയപ്പം – (പാക്കറ്റ് )– 50 രൂപ
∙ അരവണ (കാൽ ലീറ്റർ )– 50 രൂപ
∙ മുഴുക്കാപ്പ് –100 രൂപ
∙ അരക്കാപ്പ് –50 രൂപ
∙ കളഭാഭിഷേകം – 1600 രൂപ (കളഭം കൊണ്ടുവരണം)
∙ പുഷ്പാഭിഷേകം –1000 (സാധനങ്ങൾ കൊണ്ടുവരണം)
∙ ചുറ്റുവിളക്ക് – 2508 രൂപ
∙ ദിവസ പൂജ –1000 രൂപ.
∙ ദിവസപൂജ, മുഴുക്കാപ്പ് – 2000 രൂപ
എരുമേലി ധർമശാസ്താ ക്ഷേത്രത്തിലെ ഫോൺ: 04828 210448.
കോട്ടയം സ്റ്റേഷൻ മാറിയത് ഇങ്ങനെ
കോട്ടയം ∙ രണ്ടാം കവാടവും പുതിയ ഫുട്ഓവർ ബ്രിജും വന്നതോടെ കോട്ടയം റെയിൽവേ സ്റ്റേഷനു പുതിയ മുഖം. റിസർവേഷൻ കൗണ്ടർ രണ്ടാം കവാടത്തിലേക്കു മാറ്റിയതാണു പ്രധാന മാറ്റം. അറിയാം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ.
പ്രധാന കവാടം(പഴയ പ്രവേശന കവാടം)
∙ പ്രധാന കവാടത്തിൽ കയറിയാൽ അൺറിസർവ്ഡ് ടിക്കറ്റ് എടുക്കാൻ 3 കൗണ്ടറുകളും 2 ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനും (എടിവിഎം) ഉണ്ട്. 24 മണിക്കൂറും ടിക്കറ്റ് ലഭിക്കും. എടിഎം സൗകര്യവും കവാടത്തിലുണ്ട്. ഒന്നാം കവാടത്തിന്റെ വശത്ത് പിൽഗ്രിം സെന്ററിനു സമീപം പുതിയ ഫുട്ഓവർ ബ്രിജ് തുറന്നു.
ഇവിടെ നിന്ന് 2 മുതൽ 5 പ്ലാറ്റ്ഫോം വരെ എത്താം.
പ്രവേശനകവാടത്തിൽനിന്നു തന്നെ താഴേക്ക് ഇറങ്ങിയാൽ ഒന്നാം പ്ലാറ്റ്ഫോമിൽ എത്താം. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് മുകളിലേക്കു കയറാൻ എസ്കലേറ്ററുണ്ട്. താഴേക്ക് പടികളിൽ കൂടി തന്നെ ഇറങ്ങണം. പ്രധാന കവാടത്തിന് അരികിൽ ശബരിമല തീർഥാടകർക്കായി 3 നിലകളിൽ പിൽഗ്രിം സെന്ററുണ്ട്.
രണ്ടാം കവാടം (പുതിയ പ്രവേശന കവാടം)
താഴത്തെ നില
ഒന്നാം നിലയിലേക്ക് കയറാനും ഇറങ്ങാനും എസ്കലേറ്റർ
1 അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടർ (രാവിലെ 6 മുതൽ രാത്രി 10 വരെ)
1 റിസർവേഷൻ കൗണ്ടർ (രാവിലെ 8 മുതൽ രാത്രി 8 വരെ)
ഒന്നാംനിലയിലേക്ക് കയറിയാൽ 1 മുതൽ 5 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് ഫുട്ഓവർ ബ്രിജ്. രണ്ടാം കവാടത്തിനു മുന്നിൽ പാർക്കിങ് സൗകര്യം വൈകാതെ തയാറാകും.