മണ്ഡലകാലം: അനുഷ്ഠാനങ്ങളോടെ അയ്യപ്പസന്നിധിയിലേക്ക്; എരുമേലിയിലേക്ക് തീർഥാടക പ്രവാഹം
Mail This Article
എരുമേലി ∙ മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ നട തുറന്നതിന്റെ ആദ്യ ദിവസം തന്നെ എരുമേലിയിൽ തീർഥാടക പ്രവാഹം. പതിനായിരക്കണക്കിനു തീർഥാടകരാണ് എരുമേലിയിൽ എത്തി പേട്ടതുള്ളി ആചാര അനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കെഎസ്ആർടിസി ഇന്നലെ വൈകിട്ട് വരെ 45 പമ്പ സർവീസുകളാണ് നടത്തിയത്.
∙ നഗരത്തിൽ ഒറ്റവരി ഗതാഗതം തുടങ്ങി
എരുമേലി പേട്ടതുള്ളൽ പാതയിൽ ഇന്നലെ രാവിലെ മുതൽ ഒറ്റവരി ഗതാഗതം തുടങ്ങി. റാന്നി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ രാജാപ്പടിയിൽ നിന്നു തിരിഞ്ഞ് കെഎസ്ആർടിസി, ടിബി റോഡ് വഴി ടൗണിൽ എത്തണം.
∙ പൊട്ടുകുത്തൽ ആദ്യ ദിനം കഷ്ടപ്പെട്ടു
ദേവസ്വം ബോർഡ് കരാർ നൽകിയതിനെ തുടർന്ന് വിവാദങ്ങൾക്ക് കാരണമായ നടപ്പന്തലിലെ പൊട്ടുകുത്തൽ ആദ്യദിനം തീർഥാടകരെ കഷ്ടത്തിലാക്കി. രാവിലെ ദേവസ്വം ബോർഡ് അധികൃതർ നടപ്പന്തലിലെ നിലക്കണ്ണാടിക്കു മുൻപിൽ പൊട്ടുകുത്തുന്നതിന് ആവശ്യമായ ഭസ്മവും കളഭവും വച്ചെങ്കിലും തീർഥാടകരുടെ തിരക്കിനെ തുടർന്ന് മണിക്കൂറു കൊണ്ട് ഇവ കാലിയായി. പിന്നീട് വന്ന പലർക്ക് പൊട്ടുകുത്താൻ കഴിയാതെയായി.
∙ കാനന പാത ഇന്ന് തുറക്കും
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയായ കോയിക്കക്കാവിലൂടെ ഇന്നു 6 മുതൽ തീർഥാടകരെ കടത്തി വിടും വൈകിട്ട് 5 വരെയാണ് ഇതുവഴി കടത്തി വിടുക. കടന്നു പോകുന്ന തീർഥാടകരുടെ എണ്ണം ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ അഴുതക്കടവിൽ നിന്ന് കാളകെട്ടിയിൽ എത്തുന്ന തീർഥാടകർ പ്രവേശിക്കുന്ന ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട അഴുതക്കടവിൽ നിന്ന് തീർഥാടകരെ കടത്തി വിടുന്നതിനുള്ള സമയക്രമം നിർണയിച്ച് വനം വകുപ്പിനു കൈമാറിയിട്ടില്ല. അതിനാൽ മുൻ വർഷത്തെപ്പോലെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ തീർഥാടകരെ കടത്തി വിടാനാണു വനംവകുപ്പിന്റെ തീരുമാനം.
∙ സേഫ് സോൺ ഉദ്ഘാടനം ഇന്ന്
ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ സുരക്ഷയ്ക്കായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി ഇന്ന് 12 ന് ഉദ്ഘാടനം ചെയ്യും.
∙ താവളം ഡിസ്പെൻസറി തുറന്നു
എരുമേലി താവളം ഡിസ്പെൻസറി, വിശുദ്ധി സേനാംഗങ്ങൾക്ക് യൂണിഫോം വിതരണം ഉദ്ഘാടനം, മെഗാ ശുചീകരണം എന്നിവയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ടി.ജെ. മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകർ,ബ്ലോക്ക് അംഗം ജൂബി അഷ്റഫ്, വാർഡ് അംഗം നാസർ പനച്ചി, ഡപ്യൂട്ടി ഡിഎംഒ പി.എൻ.വിദ്യാധരൻ, ടെക്നിക്കൽ അസിസ്റ്റൻറ് സുരേഷ് കുമാർ, മെഡിക്കൽ ഓഫിസർ ഡോ. റെക്സൺ പോൾ, ശ്രീകുമാർ ഷാജി കറുകത്ര എന്നിവർ പ്രസംഗിച്ചു.
∙ റവന്യു കൺട്രോൾ റൂം
റവന്യു കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സബ് കലക്ടർ ഡി. രഞ്ജിത് നിർവഹിച്ചു. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം.ജോസ്‌കുട്ടി അധ്യക്ഷത വഹിച്ചു.
∙ മണ്ഡല, മകരവിളക്ക് കാലത്ത് സേവനത്തിനായി ഡപ്യൂട്ടി കലക്ടർമാരെ നിയമിച്ചു. അടുത്ത 23 വരെ എൽഎ ഡപ്യൂട്ടി കലക്ടർ ജിയോ ടി മനോജിനാണു ചുമതല. 24 മുതൽ ഡിസംബർ ഒന്നു വരെ എൽആർ ഡപ്യൂട്ടി കലക്ടർ ഉഷാ ബിന്ദുമോൾക്കും ഡിസംബർ 2 മുതൽ 11 വരെ ആർആർ ഡപ്യൂട്ടി കലക്ടർ സോളി ആന്റണിക്കും 21 മുതൽ 28 വരെ പുഞ്ച സ്പെഷൽ ഓഫിസർ അമൽ മഹേശ്വറിനുമാണു ചുമതല.
∙ അമിത വില ഈടാക്കിയതായി പരാതി
പേട്ട തുള്ളുന്നതിനു മേളം ഒരുക്കുന്ന വാദ്യക്കാർ ഓരോ പേട്ടയ്ക്കും ദേവസ്വത്തിൽ 50 രൂപ അടയ്ക്കേണ്ട സ്ഥാനത്ത് 59 രൂപ വാങ്ങുന്നതായി അയ്യപ്പ സേവാ സമാജം ആരോപിച്ചു.
∙ ശുചിമുറി: അമിത നിരക്കെന്ന് പരാതി
ഇന്നലെ രാവിലെ തീർഥാടകർ എത്തിത്തുടങ്ങിയെങ്കിലും ദേവസ്വത്തിന്റെ ശുചിമുറി കോംപ്ലക്സുകൾ കരാർ വൈകിയതിനാൽ സ്വകാര്യ ശുചിമുറികളെയാണു തീർഥാടകർ ആശ്രയിച്ചത്. ഇവിടെ 20 രൂപ ഈടാക്കിയെന്നാണു പരാതി.