റോഡരികിലെ മരത്തിന്റെ ചില്ല ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാർക്ക് പരുക്ക്
Mail This Article
കോതനല്ലൂർ ∙ റോഡരികിലെ തണൽമരത്തിന്റെ കൂറ്റൻ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണ്, ഇരുചക്രവാഹന യാത്രക്കാരായ ദമ്പതികൾക്ക് പരുക്ക്. മരത്തിന്റെ അടിയിൽപെട്ട് കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ബൈക്ക് യാത്രക്കാരായ വേദഗിരി മൂഴിവള്ളിയിൽ സിജോ ജോസഫ് (40), ഭാര്യ ജിയ സിജോ (36) എന്നിവർക്കാണ് പരുക്ക്. ഇവരെ തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സിജോ ജോസഫിന്റെ പരുക്കു ഗുരുതരമാണ്. ഇന്നലെ രാവിലെ 8.45നു കോട്ടയം – എറണാകുളം റോഡിൽ കോതനല്ലൂർ മുള്ളൻകുഴി വളവിലാണ് അപകടം. റോഡ് പുറമ്പോക്കിലെ കൂറ്റൻ ഗുൽമോഹർ മരത്തിന്റെ ശിഖരമാണ് റോഡിലേക്കു വീണത്. കാണക്കാരി ഭാഗത്തുനിന്നു കോതനല്ലൂരിലേക്ക് വരികയായിരുന്നു ബൈക്ക് യാത്രക്കാരായ ദമ്പതികൾ.
ഇവരുടെ മുകളിലേക്കാണ് മരം വീണത്. എതിർദിശയിൽ വന്ന കോതനല്ലൂർ ഇടച്ചാലിൽ ആൽബിൻ ജോസഫിന്റെ കാറിന്റെ മുകളിലേക്കും മരം പതിച്ചു. റോഡി ൽ തെറിച്ചുവീണ സിജോ ജോസഫിനെയും ഭാര്യ ജിയ സിജോയെയും ആൽബിൻ ജോസഫാണ് കാറിൽ ആശുപത്രിയിൽ എത്തിച്ചത്. സിജോയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായ പരുക്കാണുള്ളത്. ലാബിൽ ജോലി ചെയ്യുന്ന ഭാര്യ ജിയയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരും വഴിയാണ് അപകടം. റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മരത്തിന്റെ അപകടാവസ്ഥ കാണിച്ച് പഞ്ചായത്തംഗം പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല