ADVERTISEMENT

കിടിലൻ ട്രെക്കിങ് എത്തിച്ചേരുന്നത് മനോഹരമായ വെള്ളച്ചാട്ടത്തിന് അരികെ.. 360 ഡിഗ്രി കാഴ്ചകൾ... എല്ലാറ്റിനും മുകളിൽ അഗാധനീലിമയിലേക്ക് മിഴി തുറക്കുന്ന ഒരു ഇൻഫിനിറ്റി പൂൾ– പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കോട്ടത്താവളം വെള്ളച്ചാട്ടത്തിന്റെതാണ് ഈ കാഴ്ചകൾ. പൂഞ്ഞാർ രാജക്കന്മാർ മധുരയ്ക്കു പോകാനായി ഉപയോഗിച്ചിരുന്ന രാജപാതയിൽ വിശ്രമിക്കാനായി തിരഞ്ഞെടുത്തിരുന്ന സ്ഥലമാണു കോട്ടത്താവളം. നാലു മലകളാൽ ചുറ്റപ്പെട്ട് കോട്ട പോലെ നിൽക്കുന്നതിനാലാണ് ഈ പേരു വന്നത്. ‌

kottathavalam-waterfall
അടിവാരത്തിന് സമീപത്തെ കോട്ടത്താവളം വെള്ളച്ചാട്ടം. ചിത്രം: വിഷ്ണു സനൽ/ മനോരമ

കോട്ടത്താവളത്തെ കാഴ്ചകൾ
അടിവാരം ടൗണിൽനിന്ന് കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ഓഫ് റോഡ് വഴിയുള്ള യാത്രയാണ് ആദ്യ ആകർഷണം. റോഡ് തെളിച്ചിട്ടില്ലാത്തതിനാൽ ട്രെക്കിങ് കുറച്ചു കൂടി സാഹസികമാകും. കുത്തനെയുള്ള കയറ്റങ്ങൾ ട്രെക്കിങ് പ്രേമികൾക്ക് ഹരമേകും. ഇടയ്ക്ക് ചെറു അരുവികളുണ്ട്. കയറിചെല്ലുമ്പോൾ ആദ്യം കോട്ടത്താവളം വ്യൂ പോയിന്റാണ്. ഇവിടെ 360 ഡിഗ്രി കാഴ്ചയുണ്ട്. ഇവിടെനിന്നു കോട്ടത്താവളം വെള്ളച്ചാട്ടം കാണാം. വ്യൂ പോയിന്റിൽനിന്ന് പിന്നെയും കയറിയെത്തിയാൽ വെള്ളച്ചാട്ടത്തിനു മുകളിലെത്താം. ഇവിടെ ആകാശം അതിരായി നിൽക്കുന്നതു പോലെ ഇൻഫിനിറ്റി പൂളുണ്ട്. നടന്നുതന്നെ കയറണം.ഓഫ് റോഡ് വാഹനങ്ങൾ പോകാൻ സാധിക്കും വിധത്തിൽ റോഡ് നിർമാണം നടക്കുന്നുണ്ട്.

വഴി
കോട്ടയത്തുനിന്ന് പാലാ– ഈരാറ്റുപേട്ട– പൂഞ്ഞാർ അടിവാരം വഴി കോട്ടത്താവളത്ത് എത്താം.കോട്ടയത്തുനിന്ന് അടിവാരം വരെ 53 കിലോമീറ്റർ. ഈരാറ്റുപേട്ടയിൽനിന്ന് 14 കിലോമീറ്ററാണ് അടിവാരത്തിന്. അടിവാരത്തുനിന്ന് അടിവാരം ക്ഷേത്രം വഴി ആകെ 3.2 കിലോമീറ്ററാണു കോട്ടത്താവളം വ്യൂപോയിന്റിലേക്ക്. ഇതിൽ 1.7 കിലോമീറ്റർ നടന്നുതന്നെ കയറണം. വ്യൂപോയിന്റിൽനിന്ന് 1.5 കിലോമീറ്റർ നടന്നാൽ ഇൻഫിനിറ്റി പൂളിൽ എത്താം. അടിവാരം ടൗണിൽനിന്ന് കോട്ടത്താവളം വഴിയിൽ 250 മീറ്റർ പോയാൽ വെട്ടുകല്ലുംകുഴി വെള്ളച്ചാട്ടം കാണാം.
∙ ഗൂഗിളിൽ അടിവാരം സെറ്റ് ചെയ്യുമ്പോൾ പൂഞ്ഞാർ തെക്കേക്കര അടിവാരം തന്നെ തിരഞ്ഞെടുക്കണം. കോട്ടത്താവളം വ്യൂ പോയിന്റ്, വെള്ളച്ചാട്ടം എന്നിവയും മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

ശ്രദ്ധിക്കാൻ
∙ ഓഫ് റോഡ് യാത്രയാണ്. അതിനാൽ അത് ഇഷ്ടപ്പെടുന്നവർ മാത്രം ഈ റൂട്ട് തിരഞ്ഞെടുക്കുക.
∙ നാട്ടുകാരുടെ നിർദേശങ്ങൾ പാലിക്കുക.
∙ മാലിന്യം തള്ളരുത്.
∙ മലമ്പ്രദേശമായതിനാൽ മഴ– ഇടിമിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
∙ വെള്ളച്ചാട്ടത്തിൽ സൂക്ഷിച്ച് മാത്രം ഇറങ്ങുക. വെള്ളത്തിന് സാധാരണയിൽ കൂടുതൽ തണുപ്പുണ്ട്.
∙ കോട്ടത്താവളം ഓഫ് റോഡ് യാത്രയിൽ മൊബൈൽ ഫോണിന് റേഞ്ചില്ല.
∙ കോടമഞ്ഞ് മൂടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വഴി തെറ്റും. രാവിലെ പോയി ഉച്ചയോടെ തിരിച്ചിറങ്ങുന്നതാണ് അഭികാമ്യം.

English Summary:

Escape to the serene beauty of Kottathavalam Waterfall in Poonjar Thekkekara, Kerala. This hidden gem offers an unforgettable trekking experience, boasting panoramic vistas, lush greenery, and the ultimate reward - a refreshing infinity pool seemingly merging with the sky.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com