പമ്പ സ്പെഷൽ ബസ് സർവീസുകൾ തുടങ്ങി
Mail This Article
എരുമേലി ∙ വൃശ്ചിക പുലരിയിലേക്ക് ഉണർന്ന എരുമേലിയിൽ രാവും പകലും ഇടമുറിയാതെ പേട്ടകെട്ടും ആരംഭിച്ചു. പരമ്പരാഗത കാനന പാതയായ കോയിക്കക്കാവിലൂടെ ഇന്നലെ രാവിലെ മുതൽ തീർഥാടകരെ വിട്ടു തുടങ്ങി. 5 വരെയാണ് ഈ വഴി തീർഥാടകരെ വിടുക. അഴുതക്കടവിൽ രാവിലെ 7 മുതലാണ് രാവിലെ തീർഥാടകരെ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 2 വരെയാണ് ഇവിടെ നിന്ന് കടത്തിവിടുക. കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ഇന്നലെ രാവിലെ തുടർച്ചയായി പമ്പയ്ക്ക് സ്പെഷൽ ബസ് സർവീസുകൾ ആരംഭിച്ചു. 18 ബസുകളാണ് പമ്പയിലേക്ക് സർവീസ് നടത്തുന്നത്. ദേവസ്വം ബോർഡ്, അയ്യപ്പ സേവാ സമാജം എന്നിവിടങ്ങളിൽ തീർഥാടകർക്കായി അന്നദാനം തുടങ്ങി.
മൊബൈൽ സെപ്റ്റേജ് യൂണിറ്റ് പ്രവർത്തനം തുടങ്ങി
എരുമേലി ∙ മലിനീകരണം തടയുന്നത് ശുചിമുറി മാലിന്യങ്ങൾ അതത് സ്ഥലങ്ങളിൽ വച്ചു തന്നെ സംസ്കരിക്കുന്നതിനുള്ള മൊബൈൽ സെപ്റ്റേജ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ശുചിമുറി മാലിന്യങ്ങൾ അവിടെ വച്ചു തന്നെ സംസ്കരിച്ച് ജലവും ഖര മാലിന്യവുമായി മാറ്റുന്നതാണ് മൊബൈൽ സെപ്റ്റേജ് യൂണിറ്റിന്റെ പ്രവർത്തനം. ഒരു മണിക്കൂറിൽ 6000 ലീറ്റർ മാലിന്യം വരെ സംസ്കരിക്കാനുള്ള ശേഷി മൊബൈൽ യൂണിറ്റിന് ഉണ്ട്.
തീർഥാടന മേഖലയിലെ എല്ലാ ശുചിമുറി സെപ്റ്റിക് ടാങ്കുകളിൽ നിന്നുമുള്ള മാലിന്യം സംസ്കരിക്കുന്നതിന് ഈ യൂണിറ്റ് ഉപയോഗിക്കും.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, മറിയാമ്മ മാത്തുക്കുട്ടി, തങ്കമ്മ ജോർജുകുട്ടി, കെ.ആർ. അജേഷ്, സുനിൽ ചെറിയാൻ, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ബിനോ ജോൺ ചാലക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
മൈതാനങ്ങളിൽ ചെളി നിറഞ്ഞു
∙മഴയിൽ മൈതാനങ്ങളിൽ ചെളിനിറഞ്ഞു. ദേവസ്വം ബോർഡിന്റെ സ്റ്റേഡിയം മൈതാനത്തിലും ക്ഷേത്രത്തിനു സമീപത്തെ മൈതാനവും ചെളിക്കുളമായി. തീർഥാടക വാഹനങ്ങൾ ചെളിയിൽ തെന്നുന്ന സ്ഥിതിയാണ്. താവളം ഡിസ്‌പൻസറിയിലും സ്റ്റേഡിയത്തിലെ താൽക്കാലിക കടകളിലും തീർഥാടകർക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത വിധം ചെളി നിറഞ്ഞിട്ടുണ്ട്
∙ എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെന്ന് പരാതി.
അയ്യപ്പ സേവാ സമാജം സേവാകേന്ദ്രം
∙ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ അന്നദാന സേവ കേന്ദ്രം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് കാളിദാസ ഭട്ടതിരി അധ്യക്ഷത വഹിച്ചു. സേവ സമാജം ദക്ഷിണ മേഖല ക്ഷേത്രീയ ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീ ശങ്കർ, ഉത്തര തമിഴ്നാട് അയ്യപ്പ സേവാ സമാജം ജനറൽ സെക്രട്ടറി ഇ.എൻ. ജയറാം, ആർഎസ്എസ് വിഭാഗ് സേവാ പ്രമുഖ് ആർ. രാജേഷ്, ജില്ലാ സെക്രട്ടറി രാജ്മോഹൻ കൈതാരം, സംസ്ഥാന സെക്രട്ടറി എസ്. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് നടത്തുന്ന സ്പെഷൽ സർവീസ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സേഫ് സോൺ പ്രവർത്തനം
∙മോട്ടർവാഹന വകുപ്പിന്റെ എരുമേലി സേഫ് സോൺ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു. ആർടിഒ അജിത് കുമാർ, എൻഫോഴ്സ്മെന്റ് ആർടിഒ ശ്യാം, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വാർഡ് അംഗം നാസർ പനച്ചി, എരുമേലി കൺട്രോളിങ് ഓഫിസർ ഷാനവാസ് കരീം, കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ ശ്രീജിത്ത്, എംവിഐമാരായ പി.ജി. സുധീഷ്, ബി.ആശാ കുമാർ, ജോണി തോമസ്, എഎംവിഐമാരായ സുരേഷ് കുമാർ, ടിനേഷ് മോൻ, സജിത്ത്, പ്രജീഷ്, പി.എസ്. ഷിജു , ദീപു, റെജി എ സലാം എന്നിവർ പ്രസംഗിച്ചു.
വെർച്വൽ ക്യു ബുക്കിങ്ങിനു തിരക്ക്
∙എരുമേലിയിലും വെർച്വൽ ക്യു ബുക്കിങ്ങിനു തിരക്ക്. മണിക്കൂറിൽ 56 സ്ലോട്ടുകളായി നിജപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് വരെ ആയിരം തീർഥാടകരിൽ അധികം ഇവിടെ വെർച്വൽ ക്യു ബുക്കു ചെയ്തു. 2 ജീവനക്കാരെയാണ് വെർച്വൽ ക്യു ബുക്കിങ്ങിനായി നിയോഗിച്ചിട്ടുള്ളത്. എരുമേലിയിൽ രാവിലെ എത്തിയ തീർഥാടകർക്ക് പോലും വൈകിട്ട് 8 ന് ശേഷം ദർശനത്തിനുള്ള സ്ലോട്ടുകളാണ് ലഭിച്ചത്.