ശബരിമല തീർഥാടനം: കടുത്തുരുത്തിയിൽ വിവിധ പദ്ധതികൾ നടപ്പാക്കും
Mail This Article
കടുത്തുരുത്തി ∙ ശബരിമല തീർഥാടനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മേൽനോട്ടത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ മോൻസ് ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത വിവിധ വകുപ്പു മേധാവികളുടെ യോഗത്തിൽ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന കടുത്തുരുത്തി തളിയിൽ ക്ഷേത്രം - കുന്നശ്ശേരിക്കാവ് – മുട്ടുചിറ റോഡ് കുഴികളടച്ച് സഞ്ചാരയോഗ്യമാക്കും. സമീപത്തുള്ള പൊതുമരാമത്ത് വകുപ്പ് റോഡുകളിലും അറ്റകുറ്റപ്പണി നടത്തും. ക്ഷേത്ര റോഡിൽ ഉപയോഗശൂന്യമായി കിടക്കുന്ന റോഡ് റോളർ വാല്യുവേഷൻ നടപടികൾ പൂർത്തിയാക്കി ലേലം ചെയ്യും. തളിയിൽ ക്ഷേത്രകവാടത്തിൽ നിന്നു തളിയിൽ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന പ്രധാന റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യാനുള്ള പദ്ധതി തയാറാക്കുന്നതിനും അടുത്ത വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനും തീരുമാനമായി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിലും സമീപ പ്രദേശങ്ങളിലും വഴിവിളക്കുകൾ തെളിക്കുന്നതിനു നടപടി സ്വീകരിക്കും. എംഎൽഎ സ്കീം വഴി സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ തെളിക്കുന്നതിന് പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തളിയിൽ ക്ഷേത്രത്തിലേക്കു വരുന്ന കളരിക്കൽ റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നവീകരിക്കാൻ നടപടി സ്വീകരിക്കും. പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്ത് വക സ്ഥലം ഉപയോഗിക്കുന്നതു സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രത്യേകമായി ചർച്ച ചെയ്തു തീരുമാനം എടുക്കും.
കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റിയുടെ ജലവിതരണം കടുത്തുരുത്തി ടൗണിലും സമീപ പ്രദേശങ്ങളിലും എല്ലാ ദിവസവും നടത്തുന്നതിന് എംഎൽഎ നിർദേശം നൽകി. ജലവിതരണം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി. ക്ഷേത്രത്തിലേക്ക് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. പൈപ്‌ലൈനുകളിൽ തകരാർ സംഭവിച്ചാൽ അടിയന്തര പ്രാധാന്യത്തോടെ നന്നാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.
വൈദ്യുതി തടസ്സങ്ങളില്ലാതെ ലഭ്യമാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി വിതരണത്തിനു തടസ്സമായി നിൽക്കുന്ന മരക്കൊമ്പുകൾ യഥാസമയം വെട്ടിമാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ശബരിമല ഭക്തരുടെ വാഹനങ്ങളുടെ തിരക്കേറുന്ന സമയങ്ങളിൽ ടൗണിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടി കൈക്കൊള്ളും. അഗ്നിരക്ഷാസേനയുടെ സേവനം ഏതു സമയത്തും ലഭ്യമാക്കാൻ കഴിയുന്ന വിധത്തിൽ സജ്ജമായിരിക്കുമെന്ന് ഫയർ ഓഫിസർ അറിയിച്ചു.
കടുത്തുരുത്തി സെൻട്രൽ ജംക്‌ഷനിൽ തളിയിൽ ക്ഷേത്ര കവാടത്തോടു ചേർന്നുള്ള ബസ് സ്റ്റോപ് തിരക്കേറിയ സമയത്ത് മുൻ വർഷങ്ങളിലേതു പോലെ ജംക്‌ഷന്റെ മുകൾ ഭാഗത്തേക്കു പുനഃക്രമീകരിക്കും.ക്ഷേത്രത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ മോൻസ് ജോസഫ് എംഎൽഎക്ക് കൈമാറി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സ്മിത അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രശ്മി വിനോദ്, നോബി മുണ്ടയ്ക്കൽ, ടോമി നിരപ്പേൽ, സി.എം.മനോഹരൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജീവൽ പ്രകാശ്, സെക്രട്ടറി ജയൻ പി.കുരീക്കൽ, ശ്രീവത്സം വേണുഗോപാൽ, വാസുദേവൻ നമ്പൂതിരി, രാജീവ് ശാരദാ മന്ദിരം, സി.കെ.ശശി, കൃഷ്ണകുമാർ, മോഹൻദാസ് കൈമൾ, അനിൽ അരവിന്ദാക്ഷൻ, അരുൺ എന്നിവർ പങ്കെടുത്തു.