ADVERTISEMENT

വൈക്കം ∙ ആറാം ക്ലാസ് വിദ്യാർഥി കയ്യും കാലും കെട്ടി വേമ്പനാട്ട് കായൽ നീന്തിക്കടന്നതു കാണികളെ അതിശയിപ്പിച്ചു. കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി ഏബ്രഹാം - മെറിൻ ജോബി ദമ്പതികളുടെ മകൻ കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി എബെൻ ജോബിയാണു കായൽ നീന്തിക്കടന്നത്. വേൾഡ്‌വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയാണു ലക്ഷ്യം.

ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നു കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ടാണു നീന്തിക്കടന്നത്.  കൈകാലുകൾ കെട്ടി 7 കിലോമീറ്റർ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടി എന്ന ഖ്യാതി ഇനി എബെൻ ജോബിക്കു സ്വന്തം. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിൽ നീന്തി പരിശീലിച്ച അനുഭവസമ്പത്ത് കൈമുതലാക്കിയാണു കായൽ നീന്തിക്കടന്നത്. 

ചേന്നംപള്ളി പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയ എബെൻ ജോബിയെ വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ സ്വീകരിച്ചു.  തുടർന്നു നടത്തിയ അനുമോദന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ബിന്ദു ഷാജി, എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എൻ.മജു, വൈക്കം ഫയർ ആൻഡ് റെസ്ക്യൂ എസ്ടിഒ ടി.പ്രദീപ്കുമാർ, ചെമ്പിൽ അശോകൻ, സി.എൻ.പ്രദീപ്കുമാർ, എ.പി.അൻസൽ, റിട്ട. ക്യാപ്റ്റൻ വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു. 20 കുട്ടികളെ ലോക റെക്കോർഡിനു പ്രാപ്തരാക്കിയ കോച്ച് ബിജു തങ്കപ്പൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു എന്നിവരെ ആദരിച്ചു.

English Summary:

In a remarkable display of courage and physical prowess, 12-year-old Eben Jobi swam across Vembanad Lake in Kerala, India, with his hands and legs bound. The sixth-grader from Vimala Giri Public School, Kothamangalam, captivated onlookers and showcased the strength of human determination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com