ഒരുമിച്ച് ചേർന്നവർ പങ്കിട്ടു ഓർമകളുടെ രുചിയും സ്വാദും
Mail This Article
കോട്ടയം ∙ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിനു മധുരമിടാത്ത കട്ടൻചായ സെക്രട്ടേറിയറ്റിലെ ചേംബറിൽ എത്തിച്ചു നൽകണമായിരുന്നു. കെ.ആർ.ഗൗരിയമ്മ, ബി. വെല്ലിങ്ടൻ, ഇ.ജോൺ ജേക്കബ്, ടി.എസ്.ജോൺ എന്നിവർക്കു പ്രിയം സെക്രട്ടേറിയറ്റിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിലെ ഏത്തപ്പഴം പുഴുങ്ങിയതും കോഫിയും ഉപ്പുമാവുമായിരുന്നു. ഇന്ത്യൻ കോഫി ഹൗസിൽ നിന്നു വിരമിച്ച ജീവനക്കാരുടെ കോട്ടയത്തു സംഘടിപ്പിച്ച ആദ്യസംഗമത്തിലാണു ചരിത്രം ഓർമകളുടെ ആവി പറത്തിയത്.
കോഫി ഹൗസിലെ പഴയ ജീവനക്കാരൻ പുതുപ്പള്ളി പട്ടംപറമ്പിൽ വി.എൽ അന്തോണി (75)യാണു പഴയ നേതാക്കളുടെ കോഫി ഹൗസ് ഓർമകൾ പങ്കുവച്ചത്. ഗൗരിയമ്മയ്ക്ക് ഒപ്പം കാപ്പി കുടിക്കാൻ ഒരുപറ്റം ആളുകളും കാണും. ഇവർക്കെല്ലാം ഭക്ഷണം വിളമ്പിയ സൗഹൃദം അന്തോണി ഓർത്തെടുത്തു. കോഫിയുടെയും കോഫി ഹൗസിന്റെയും ചരിത്രവും ഇവരുടെ ഓർമകളിൽ നിറഞ്ഞു. കോഫി ബോർഡ് പ്രാദേശികമായി കോഫി സദസ്സുകൾ സംഘടിപ്പിച്ചു കോഫി ഉണ്ടാക്കുന്നതു ജനത്തിനു പരിചയപ്പെടുത്തിയതടക്കം പങ്കിട്ടു. ജില്ലയിലെ ജീവനക്കാരുടെ പ്രഥമ സംഗമം തൃശൂർ മേഖലാ കൺവീനർ പി.ജെ.സ്നേഹരാജ് ഉദ്ഘാടനം ചെയ്തു.
വി.എൽ.അന്തോണി അധ്യക്ഷത വഹിച്ചു. പി.ഇ.ചെറിയാൻ, ടി.ഐ.നൈനാൻ, ബാബു ഏബ്രഹാം, പി.കെ.ശശി, ജോസഫ് പീറ്റർ എന്നിവർ പ്രസംഗിച്ചു.