ADVERTISEMENT

കടുത്തുരുത്തി ∙ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുത്ത് നൽകാനായില്ല. ഇതേ തുടർന്ന് കടുത്തുരുത്തി പഞ്ചായത്തിലെ ആപ്പുഴ – തീരദേശ റോഡിന്റെ വികസനത്തിനായി അനുവദിച്ച 1.35 കോടി രൂപ നഷ്ടമായി.  റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽപെടുത്തി ( സിഎംഎൽആർ ) അനുവദിച്ച ഫണ്ടാണ് നഷ്ടമായത്. കടുത്തുരുത്തി ടൗൺ വലിയ പാലം ഭാഗത്തു നിന്നും ആരംഭിച്ച് ആപ്പുഴയിൽ എത്തിച്ചേരുന്ന മൂന്ന് കിലോമീറ്റർ റോഡ് വികസനത്തിനായി 1.35 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2016 ലാണ് പദ്ധതി ആവിഷ്കരിച്ചത്. റോഡ് വികസനത്തിനായി വസ്തു ഉടമകൾ സ്വമേധയാ സ്ഥലം വിട്ടു നൽകുകയും അനുമതി പത്രം പഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. വിട്ടു നൽകിയ സ്ഥലം റവന്യു വകുപ്പിന്റെ നടപടി പ്രകാരം പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തി വസ്തു ഉടമകളിൽ നിന്ന് കുറവ് ചെയ്ത് കൈമാറേണ്ടിയിരുന്നു. എന്നാൽ ഇതിന് കാല താമസം നേരിട്ടു. പിന്നീട് സർക്കാരിന്റെ നയം മാറി. റോഡ് വികസനത്തിനായി ഓരോ സ്ഥലമുടമയും സ്ഥലം പഞ്ചായത്തിന് റജിസ്റ്റർ ചെയ്ത് നൽകണം എന്നായി നിർദേശം. ചില വസ്തു ഉടമകൾ സ്ഥലത്ത് ഇല്ല. ചിലരുടെ എതിർപ്പു മൂലം നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വസ്തുവിൽ ബാധ്യതകളുണ്ടെങ്കിൽ ഇത് തീർത്ത് വേണം റജിസ്റ്റർ ചെയ്യാൻ.

ഇതെല്ലാം തടസ്സങ്ങളായി. റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ ചിലർ കേസിനു പോയി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. സുനിലും ജനപ്രതിനിധികളായ സി.ബി. പ്രമോദുമടക്കം പലരും കേസിൽ പ്രതികളായി. ഇതോടെ സ്ഥലം ഏറ്റെടുപ്പ് വൈകി. പദ്ധതിയുടെ ഭരണാനുമതി നഷ്ടപ്പെട്ടു. ആയാംകുടി, എഴുമാന്തുരുത്ത്, ആപ്പുഴ, മാന്നാർ പ്രദേശവാസികൾക്ക് കടുത്തുരുത്തി ടൗണിൽ എത്തുന്നതിനുള്ള എളുപ്പ മാർഗമാണ് റോഡ്. വാലാച്ചിറ റെയിൽവേ ഗേറ്റ് ഒഴിവാക്കി യാത്ര ചെയ്യാനും കഴിയും. റോഡിന്റെ വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയവർ സ്ഥലത്ത് നിന്നിരുന്ന മരങ്ങളും മതിലുകളും പൊളിച്ചു നീക്കി നൽകിയിരുന്നു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റെയിൽവേ പാലം ഉള്ളതിനാൽ നിലവിൽ ചെറിയ വാഹനങ്ങൾക്ക് മാത്രമേ റോഡിലൂടെ കടന്നു പോകാൻ കഴിയൂ. കടന്തേരി നേച്ചർ പാർക്ക് ഈ റോഡരികിലാണ് സ്ഥിതി ചെയ്യുന്നത്.

ഇപ്പോൾ റോഡിനു മുകളിലൂടെ കടന്നു പോകുന്ന റെയിൽവേ മേൽപാലങ്ങളുടെ അടിയിൽ റോഡ് പൂർണമായും തകർന്നു. വലിയ പാലത്തിനു സമീപവും റോഡ് തകർന്നു. പലഭാഗത്തും തകർന്നു കിടക്കുന്ന റോഡിൽ നിന്നും വാഹനങ്ങൾ തോട്ടിൽ പതിക്കുന്നത് പതിവാണ്. അപകടങ്ങളിൽ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. പൂർണമായും മൂന്ന് കിലോമീറ്റർ വലിയ തോടിന് സമീപത്തു കൂടി കടന്നു പോകുന്ന തീരദേശ റോഡ് മൂന്ന് വാർഡുകളിൽ ഉൾപ്പെടുന്നതാണ്. വർഷകാലത്ത് റോഡ് പൂർണമായും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയുണ്ട്.  തകർന്ന റോഡിലെ കുഴികളെങ്കിലും അടച്ചാൽ തോട്ടിൽ പോകുമെന്ന ഭീതി കൂടാതെ സഞ്ചരിക്കാം . ഇതിനെങ്കിലും ദയവ് കാണിക്കണം എന്നാണ് നാട്ടുകാരുടെ അപേക്ഷ .

English Summary:

The development of the Alappuzha-Coastal Road in Kaduthuruthy has hit a roadblock as ₹1.35 crore in CMRLF funds lapsed due to complications in land acquisition. The project, envisioned in 2016, aimed to improve connectivity but faces an uncertain future due to bureaucratic hurdles and landowner disagreements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com