ശബരിമല തീർഥാടകർക്ക് സേവനവുമായി സംഘടനകളും സ്ഥാപനങ്ങളും പൊലീസും
Mail This Article
കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടകർക്ക് ആവശ്യമായ സേവന പ്രവർത്തനങ്ങളുമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും പൊലീസും രംഗത്ത്. ജനറൽ ആശുപത്രിയിൽ വാർഡിൽ 5 കിടക്കകളും ഐസിയുവിൽ 2 കിടക്കകളും ചികിത്സ തേടിയെത്തുന്ന തീർഥാടകർക്കായി സജ്ജമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവിടെ ചികിത്സ തേടി എത്തുന്ന ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ ഉൾപ്പെടെ സഹായിക്കാൻ അഖിലഭാരത അയ്യപ്പസേവാ സംഘം പൊൻകുന്നം യൂണിയൻ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. മണ്ഡല കാലത്ത് അപകടത്തിൽപെട്ടും അസുഖങ്ങൾ മൂലവും ചികിത്സ തേടിയെത്തുന്ന തീർഥാടകർക്കു വേണ്ട സഹായങ്ങൾ നൽകുക, അത്യാസന്ന നിലയിൽ എത്തുന്നവരെയും വിദഗ്ധചികിത്സ ആവശ്യമായവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുക തുടങ്ങിയ സേവനങ്ങൾ നൽകുമെന്നു സേവാസംഘം സെൻട്രൽ വർക്കിങ് കമ്മിറ്റിയംഗം കെ.കെ.സുരേന്ദ്രൻ അറിയിച്ചു. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി ചേർന്ന് ഇളങ്ങുളത്തും പൊൻകുന്നം ടൗണിലും തീർഥാടകർക്കു വേണ്ടി ചുക്കുകാപ്പി വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. രാത്രി 11 മുതൽ പുലരുംവരെ ഇതുവഴി കടന്നുപോകുന്ന തീർഥാടകർക്കു ചുക്കുകാപ്പി വിതരണം ചെയ്യും.
ഇൻഫർമേഷൻ സെന്റർ തുടങ്ങി
∙ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അഖില ഭാരത അയ്യപ്പസേവാ സംഘം പൊൻകുന്നം യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ഇൻഫർമേഷൻ സെന്റർ ഗവ. ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രനാഥൻ നായർ, ഡോ. സാവൻ സാറ മാത്യു, ചിറക്കടവ് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, അയ്യപ്പസേവാ സംഘം യൂണിയൻ സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ, സെൻട്രൽ വർക്കിങ് കമ്മിറ്റിയംഗം കെ.കെ.സുരേന്ദ്രൻ, ശാഖ പ്രസിഡന്റ് എം.കെ.രാധാകൃഷ്ണൻ, സെക്രട്ടറി പി.സന്തോഷ് കുമാർ, അഭിലാഷ് ചന്ദ്രൻ, ടി.പി.രവീന്ദ്രൻ പിള്ള, അബ്ദുൽ സലാം, വിനോദ് കുമാർ, വി.എസ്.അമ്പിളി ശിവദാസ്, എന്നിവർ പ്രസംഗിച്ചു.
ചുക്കുകാപ്പി വിതരണം
∙ അഖില ഭാരത അയ്യപ്പ സേവാസംഘവും ജനമൈത്രി പൊലീസും ചേർന്ന് ഇളങ്ങുളം എസ്എൻഡിപി പിടിക്കൽ ശബരിമല തീർഥാടകർക്കായി ആരംഭിച്ച ചുക്കുകാപ്പി വിതരണം ഗവ. ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈഎസ്‌പി അനിൽ കുമാർ, സിഐ ടി.ദിലീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ.രാധാകൃഷ്ണൻ, ജോമോൾ മാത്യു, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, അയ്യപ്പസേവാ സംഘം പ്രസിഡന്റ് എ.അരവിന്ദ്, സെക്രട്ടറി സി.ബി.പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.
∙ പൊൻകുന്നം പൊലീസ് സ്റ്റേഷനു മുൻപിൽ ആരംഭിച്ച ചുക്കുകാപ്പി വിതരണ കേന്ദ്രവും ഗവ. ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
അന്നദാനം
∙ ശബരിമല അയ്യപ്പസേവാ സമാജം സേവാകേന്ദ്രം മണ്ഡലകാലത്തു വിഴിക്കത്തോട് വഴി കടന്നുപോകുന്ന തീർഥാടകർക്കായി സൗജന്യ അന്നദാനം ആരംഭിച്ചു. ഇതുവഴി കടന്നുപോകുന്ന തീർഥാടകർക്ക് ദിവസവും രാവിലെ 7 മുതൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 മുതൽ രാത്രി വരെ ഊണ് എന്നിവയാണു ക്രമീകരിച്ചിട്ടുള്ളത്.
∙ ഇളങ്ങുളം ധർമശാസ്താ ദേവസ്വത്തിന്റെയും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെയും നേതൃത്വത്തിൽ തീർഥാടകർക്കു വിശ്രമിക്കാൻ വിരിപ്പന്തലും അന്നദാനവും കഴിഞ്ഞ ദിവസം ആരംഭിച്ചു.
പാലാ - പൊൻകുന്നം റോഡിലൂടെ കടന്നുപോകുന്ന തീർഥാടകർക്ക് ദിവസവും രാവിലെ 7 മുതൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ ഊണ് എന്നിവ സൗജന്യമായി നൽകും.