ബാഡ്മിന്റൻ കോർട്ടിൽനിന്ന് ഭരതനാട്യത്തിലേക്കൊരു എയ്സ്
Mail This Article
കോട്ടയം ∙ ബാഡ്മിന്റനിലും കലാരംഗത്തും നേട്ടങ്ങൾ സ്വന്തമാക്കി സഹോദരിമാരായ മൗര്യയും നവമിയും. പൂവന്തുരുത്ത് മന്ദാരം മധു മോഹൻ–ദിവ്യ ദമ്പതികളുടെ മക്കളാണ് ഇരുവരും. എംഡി സെമിനാരി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മൗര്യ. ബാഡ്മിന്റൻ സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച മൗര്യ വെള്ളിമെഡൽ നേടി. മത്സരത്തിനു ശേഷം തിരികെയെത്തി ഉപജില്ല കലോത്സവത്തിൽ പങ്കെടുത്ത് ഭരതനാട്യത്തിൽ എ ഗ്രേഡും കരസ്ഥമാക്കി. ചിത്രരചനയിലും മൗര്യ ഒരു കൈ നോക്കുന്നുണ്ട്. സഹോദരി നവമി എംഡി സെമിനാരി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
ബാഡ്മിന്റൻ സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ കാറ്റഗറിയിൽ നവമി ജില്ലാ ടീമിനുവേണ്ടി വെള്ളി മെഡൽ നേടിയിരുന്നു. ഉപജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിൽ ബി ഗ്രേഡും ലഭിച്ചു. കൂടാതെ സംസ്കൃത സംഘഗാനം, ദേശഭക്തിഗാന മത്സരത്തിലും പങ്കെടുത്തു. ഷിബ്സ് സ്കൂൾ ഓഫ് ബാഡ്മിന്റൻ അക്കാദമിയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ജി.ഷിബു, സ്വാതിനാഥ് എന്നിവരാണ് പരിശീലകർ. ഭരതനാട്യത്തിൽ ആർഎൽവി പ്രദീപ്കുമാർ, ചിത്ര പ്രദീപ് എന്നിവരാണ് പരിശീലനം നൽകുന്നത്. മാതാവ് ദിവ്യയും ഭരതനാട്യം നർത്തകിയാണ്.