മാടപ്പള്ളി പഞ്ചായത്ത് ഡ്രോൺ സർവേക്ക് തുടക്കം; വികസനം ഇനി വിരൽത്തുമ്പിൽ
Mail This Article
മാടപ്പള്ളി ∙ പഞ്ചായത്തിൽ പദ്ധതി ആസൂത്രണവും സമഗ്രവികസനവും ഇനി വിരൽത്തുമ്പിൽ. സമഗ്ര ജിഐഎസ് മാപ്പിങ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവേ മാടപ്പള്ളി പഞ്ചായത്തിൽ ആരംഭിച്ചു. ഡ്രോൺ, ഡിജിപിഎസ്, ജിപിഎസ്, സാങ്കേതിക വിദ്യകളിലൂടെ പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു-സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളും മാപ് ചെയ്യുകയും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയുമാണ്.
ഇതുവഴി ആസ്തികളെ സംബന്ധിച്ച വിവരങ്ങൾ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സമ്പൂർണ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഇതോടൊപ്പം പഞ്ചായത്തിലെ റോഡ്, പാലം, അഴുക്കുചാൽ, കനാൽ, ലാൻഡ്മാർക്, തണ്ണീർത്തടങ്ങൾ എന്നിവയുടെ വിവരശേഖരണവും ചിത്രങ്ങളുടെ ശേഖരണവും നടത്തും. ഇതും വെബ്പോർട്ടൽ വഴി സെർച് ചെയ്തു പരിശോധിക്കാൻ സാധിക്കും. കൃത്യതയാർന്ന പദ്ധതി വിഭാവനം ചെയ്തു നിർവഹിക്കുക, ക്ഷേമപദ്ധതികൾ അർഹരിലേക്ക് എത്തിക്കുക, മികച്ച അടിസ്ഥാനസൗകര്യ വികസനം എന്നിവ പദ്ധതിയിലൂടെ സാധിക്കുമെന്നു മാടപ്പള്ളി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കൂടാതെ ദുരന്തനിവാരണം, കൃഷി, വ്യവസായം, ആരോഗ്യം, തുടങ്ങിയ മേഖലകളിലും കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണു നിർവഹണ ഏജൻസി. കെ സ്മാർട്ട് ഉൾപ്പടെയുള്ള പദ്ധതികൾക്കു ജിഐഎസ് പ്രയോജനപ്രദമാണെന്നും സത്യസന്ധമായ വിവരങ്ങൾ നൽകി മുഴുവൻ പേരും സഹകരിക്കണമെന്നും പഞ്ചായത്ത് അറിയിച്ചു.
5 ദിവസം ഡ്രോൺ സർവേ
∙ പഞ്ചായത്ത് പരിധിയിൽ ആകാശത്ത് 5 ദിവസം ഡ്രോൺ സർവേ നടത്തും. ഇതു കാരണം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പഞ്ചായത്ത് അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവേയുമായി പഞ്ചായത്ത് നിയോഗിക്കുന്നവർ സമീപിക്കുമ്പോൾ സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും അറിയിച്ചു.