കാഞ്ഞിരപ്പള്ളി - പോട്ടക്കരി പാടശേഖരത്ത് വിത്തിറക്കി
Mail This Article
കല്ലറ∙ വർഷങ്ങളായി തരിശു കിടന്നിരുന്ന കാഞ്ഞിരപ്പള്ളി - പോട്ടക്കരി പാടശേഖരം കൃഷിയോഗ്യമാക്കി വിത്തിറക്കി. വിത്ത് വിതയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്തിൽ മൂന്നാം വാർഡിൽ 12 വർഷങ്ങളായി തരിശ് കിടന്നിരുന്ന പാടം മൂന്ന് കർഷകർ ചേർന്നാണ് തരിശുരഹിതം ആക്കിയത്. പി.പി. ജനാർദനൻ തോമസ് ചെറിയാൻ, സണ്ണി മത്തായി എന്നീ കർഷകരാണ് 36 ഏക്കർ പാടശേഖരം കൃഷിയോഗ്യമാക്കിയത്.
പോളയും കാടും കയറി മൂടിയ പാടശേഖരം 30 ദിവസമെടുത്താണ് കൃഷിയോഗ്യമാക്കിയത്. ഇത് വരെ ആറ് ലക്ഷം രൂപ ചെലവഴിച്ചതായി കൺവീനർ പി.പി. ജനാർദനൻ പറഞ്ഞു. 40 കർഷകരാണ് പാടത്തുണ്ടായിരുന്നത്. വിവിധ കാരണങ്ങളാൽ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. പാടം പാട്ടത്തിനെടുത്ത് നെൽക്കൃഷി ചെയ്യുന്ന മൂന്നംഗ സംഘം പാടം കൃഷിയോഗ്യമാക്കി കൃഷി ചെയ്യാൻ തയാറായതോടെ കൃഷി വകുപ്പ് പിന്തുണ നൽകി.
പാടത്തിന്റെ വാച്ചാൽ നിർമാണത്തിനായി 100 പേരാണ് പണിയെടുത്തത്. തരിശു പാടശേഖരം കൃഷി യോഗ്യമാക്കി വിത്തിറക്കുന്നതിന് സർക്കാർ ഹെക്ടറിന് 35,000 രൂപ നൽകുന്നുണ്ട്. ഇത് ലഭിച്ചാലേ കൃഷി നഷ്ടമില്ലാതെ കൊണ്ടു പോകാനാകൂ എന്ന് കർഷകർ പറയുന്നു. കല്ലറ കൃഷി ഓഫിസർ രശ്മി എസ്. നായർ, വിവിധ ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ വിത്തിറക്കലിൽ പങ്കെടുത്തു.