യന്ത്രം ഇല്ല; കൊയ്യുന്നത് കണ്ണീര്
Mail This Article
കുമരകം ∙ കൊയ്ത്തുയന്ത്രക്ഷാമം മൂലം ജില്ലയിൽ 750 ഹെക്ടറിലെ വിരിപ്പുകൃഷിയുടെ നെല്ല് കൊയ്തെടുക്കാൻ കഴിയാതായി. മഴ പെയ്യുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിരിപ്പുകൃഷി പടിഞ്ഞാറൻ മേഖലയിലാണ്. 175 കൊയ്ത്ത് യന്ത്രം വേണ്ടിടത്ത് 70 എണ്ണം മാത്രമാണ് ജില്ലയിലുള്ളത്. ഇതിൽ കൂടുതലും സ്വകാര്യ ഏജൻസികളുടേതാണ്. ജില്ലാ പഞ്ചായത്തിന് ഏതാനും യന്ത്രങ്ങൾ മാത്രമാണുള്ളത്.
അയൽസംസ്ഥാനത്തുനിന്ന് യന്ത്രം എത്തുന്നില്ല
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നാണു ജില്ലയിൽ യന്ത്രം എത്തിച്ചിരുന്നത്. വിരിപ്പു സീസണിൽ ഈ സംസ്ഥാനങ്ങളിൽനിന്നു യന്ത്രം എത്താത്തതാണു ക്ഷാമത്തിനു കാരണം. 100 മുതൽ 350 ഏക്കറുള്ള പാടശേഖരങ്ങളാണു വെച്ചൂർ, അയ്മനം, ആർപ്പൂക്കര,കുമരകം ഉൾപ്പെടെ പഞ്ചായത്തുകളിൽ.
110–120 ദിവസമാകുമ്പോൾ കൊയ്ത്ത് നടത്താൻ കഴിയുന്ന പാടശേഖരങ്ങളിൽ 130 ദിവസത്തിലേറെയായിട്ടും കൊയ്ത്തു തുടങ്ങാൻ പോലുമായില്ല.പന്നയക്കത്തടം, വലിയപുതുശേരി, സ്വാമി ബ്ലോക്ക്, അച്ചിനകം, തെക്കേവലം, വടക്കേവലം, ഇട്ടിയാടൻകരി, വട്ടക്കായൽ തട്ടേപ്പാടം, കേളക്കരി വട്ടക്കായൽ, പുതിയാട്– പൂങ്കശേരി–മങ്കുഴി–കരീത്ര, തുടങ്ങിയ പാടശേഖരങ്ങളിലാണ് യന്ത്രത്തിന്റെ ക്ഷാമം മൂലം കൊയ്ത്ത് പ്രതിസന്ധിയിലായത്.
ബുക്ക് ചെയ്തതിന്റെ പകുതി കിട്ടിയാൽ ഭാഗ്യം
പാടശേഖരസമിതിക്കു നൽകാമെന്നു ഏറ്റിരുന്ന അത്ര എണ്ണം യന്ത്രം പല ഏജൻസികളും നൽകുന്നില്ല. 10 യന്ത്രം നൽകാമെന് ഏറ്റ പാടശേഖരത്തിനു പകുതി യന്ത്രം പോലും എത്തിക്കുന്നില്ല. കൊയ്ത്ത് മന്ദഗതിയിലാണു നീങ്ങുന്നത്. ഒരു യന്ത്രം നല്ല കാലാവസ്ഥയാണെങ്കിൽ, 10 ഏക്കർ മാത്രമാണ് കൊയ്യുക. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ പല പാടശേഖരങ്ങളിലും കൊയ്ത്ത് നടന്നില്ല. യന്ത്രം ഇറങ്ങിയ പാടശേഖരങ്ങളിൽ 5–6 ഏക്കർ മാത്രമാണ് കൊയ്യാനായത്.
മഴ വില്ലനാകുന്നു
മഴ ശക്തി പ്രാപിച്ചതോടെ നെല്ല് ചുവടുചാഞ്ഞു വീഴാൻ തുടങ്ങി. പാടത്തു വീണു കിടക്കുന്ന നെല്ല് നശിക്കാതരിക്കാൻ തൊഴിലാളികളെ നിർത്തി കൊയ്ത് കരയ്ക്കു കയറ്റുകയാണു കർഷകർ. മഴ തുടർന്നാൽ നെല്ല് കൂടുതലും ചുവടുചാഞ്ഞു വീണു നശിക്കുമെന്നതു കർഷകരെ ആശങ്കയിലാക്കുന്നു. കൊയ്ത്തുയന്ത്രം എത്തിക്കാൻ കൃഷി വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണു കർഷകരുടെ പരാതി.
അയൽസംസ്ഥാനത്തുനിന്ന് എത്തിച്ചാണു ജില്ലയിലെ യന്ത്രക്ഷാമം പരിഹരിച്ചിരുന്നത്. കേരളത്തിലെക്കാൾ കൂടുതൽ വാടക മറ്റ് സംസ്ഥാനങ്ങളിൽ കിട്ടുന്നതു കൊണ്ടാണ് യന്ത്രം എത്തിക്കാത്തത്. യന്ത്രം എത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. സ്വന്തമായുള്ള യന്ത്രമാണ് ഇപ്പോൾ പാടശേഖരങ്ങൾക്കു നൽകുന്നത്.
''അയൽ സംസ്ഥാനങ്ങളിൽനിന്നു യന്ത്രം എത്തിക്കാൻ കൃഷി വകുപ്പ് നടപടിയെടുക്കണം. കൊയ്ത്ത് നീണ്ടാൽ നെല്ല് നശിക്കും. ഇതു കർഷകർക്കു വൻ നഷ്ടത്തിനിടയാക്കും.''
എം.കെ. പൊന്നപ്പൻ ,കർഷകൻ, അയ്മനം വട്ടക്കായൽ– തട്ടേപ്പാടം