മുഹമ്മ – കുമരകം ജലപാത: രണ്ട് ബോട്ടും സർവീസിന് എത്തിയാൽ അദ്ഭുതം !
Mail This Article
കുമരകം ∙ ജലഗതാഗത വകുപ്പിനെ കൊണ്ടു യാത്രക്കാർ തോറ്റു! മുഹമ്മ – കുമരകം ജലപാതയിലെ 2 ബോട്ടും ആഴ്ചയിൽ മുഴുവൻ ദിവസവും സർവീസ് നടത്താറില്ല. പല ദിവസം ഒരു ബോട്ട് മാത്രമേ ഉണ്ടാകൂ. ഈ ആഴ്ചയിലും അതു സംഭവിച്ചു. 2 ദിവസമായി ഒരു ബോട്ട് മാത്രമാണ് സർവീസ് നടത്തുന്നത്. ഒരു ബോട്ട് മാത്രം ഉള്ളപ്പോൾ ഒന്നര മണിക്കൂറിലേറെയാണു യാത്രക്കാർ കാത്തിരിക്കേണ്ടി വരുന്നത്. യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. രാവിലെയും വൈകിട്ടും ബോട്ടിൽ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരാണ് ഏറെ ദുരിതത്തിലാകുന്നത്. ബോട്ടിനുണ്ടാകുന്ന യന്ത്രത്തകരാറാണു സർവീസ് മുടക്കുന്നത്. തകരാർ സംഭവിക്കുന്ന ബോട്ട് ആലപ്പുഴയിൽ കൊണ്ടുപോയി നന്നാക്കി തിരികെ വരാൻ പലപ്പോഴും നാലും അഞ്ചും ദിവസം വേണ്ടിവരുന്നു. നന്നാക്കാൻ കൊണ്ടു പോകുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണി പൂർണമായും തീർക്കാതെ സർവീസ് നടത്താവുന്ന വിധത്തിലാക്കിയാകും പലപ്പോഴും തിരികെ കൊണ്ടുവരുന്നത്.
ഈ ബോട്ട് സർവീസ് തുടങ്ങി ഏതാനും ദിവസം കഴിയുമ്പോൾ അടുത്ത ബോട്ട് കേടാകും. അങ്ങനെ ഒന്നിടവിട്ടു ബോട്ടുകൾ കേടാകുന്ന അവസ്ഥയാണ്. ചിലപ്പോൾ നന്നാക്കി കൊണ്ടുവന്ന ബോട്ട് തന്നെ വീണ്ടും കേടാകുന്നുണ്ട്.ഇരുചക്രവാഹനങ്ങൾ കയറ്റാവുന്ന ബോട്ടുകളാണ് ഈ ജലപാതയിൽ സർവീസിനു വേണ്ടത്. ഈ സംവിധാനം ഇല്ലാത്ത ബോട്ട് ഇവിടെ സർവീസിന് ഇട്ടതു കൊണ്ടു കാര്യമില്ല. കുമരകം, കോട്ടയം മേഖലയിലുള്ളവർക്ക് ആലപ്പുഴയ്ക്കു പോകാൻ എളുപ്പമാർഗമാണ് ബോട്ട് സർവീസ്. ഇരുചക്രവാഹനത്തിൽ വരുന്നവർക്ക് ബോട്ടിൽ വാഹനം കയറ്റി മുഹമ്മയിൽ ഇറക്കി അവിടെ നിന്ന് ആലപ്പുഴയ്ക്കു പോകാം. ബോട്ട് ഇല്ലാതെ വന്നാൽ തണ്ണീർമുക്കം ബണ്ട് വഴി കറങ്ങി മുഹമ്മയിൽ എത്തി പോകണം. പഴക്കമേറിയ ഈ റൂട്ടിലെ ബോട്ടുകൾക്കു പകരം പുതിയ ബോട്ടുകൾ സർവീസിനിടാൻ ജലഗതാഗത വകുപ്പ് തയാറാകുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.