ശബരിമല പാതയിൽ അപകട പരമ്പര; 8 ദിവസത്തിനുള്ളിൽ സംഭവിച്ചത് 10 അപകടങ്ങൾ
Mail This Article
മുണ്ടക്കയം / എരുമേലി / കാഞ്ഞിരപ്പള്ളി ∙ മണ്ഡലകാലം ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോൾ മേഖലയിലെ പ്രധാന ശബരിമല പാതകളിൽ നടന്നത് 10 അപകടങ്ങൾ. 29 ആളുകൾക്കു പരുക്കേറ്റു. അപകടങ്ങൾ ഒഴിവാക്കാൻ റോഡുകളിൽ കൂടുതൽ മുൻകരുതലുകൾ വേണമെന്ന ആവശ്യം ഇത്തവണയും നടപ്പാക്കാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം.
12 മണിക്കൂറിനുള്ളിൽ 3 അപകടങ്ങൾ
ഇന്നലെ മാത്രം മുണ്ടക്കയം – എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ഒരേ സ്ഥലത്ത് സംഭവിച്ചത് 2 അപകടങ്ങളാണ്. വളവിൽനിന്നു കുറച്ചു മാറി കാർ നിയന്ത്രണം വിട്ട് ചെറിയ അപകടവും ഉണ്ടായി. വെള്ളിയാഴ്ച രാത്രിയിലാണ് ആദ്യ അപകടം. പച്ചക്കറി ലോറി മറിഞ്ഞ് 2 പേർക്കു പരുക്കേറ്റു. ഇൗ സമയം ഇതുവഴി എത്തിയ തീർഥാടക ബസ് തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേക്കു മറിയുകയായിരുന്നു. രാത്രി തീർഥാടകർ സഞ്ചരിച്ച മറ്റൊരു കാർ നിയന്ത്രണം വിട്ട് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പകൽ 11 മണിയോടെ തീർഥാടകരുടെ ബസ് നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നു. തമിഴ്നാട് വേലൂർ സ്വദേശികളായ 8 പേർക്കു പരുക്കേറ്റു. 25 തീർഥാടകരാണ് ബസിൽ ഉണ്ടായത്. രണ്ട് അപകടങ്ങളും ഒരേ രീതിയിലാണ് ഇവിടെ സംഭവിച്ചത്.
അപകടങ്ങൾ ഇതുവരെ
സീസൺ തുടങ്ങി പിറ്റേന്ന് പതിവ് അപകട സ്ഥലമായ കണമലയിൽ മിനി ബസ് മറിഞ്ഞ് 10 പേർക്കു പരുക്കേറ്റ അപകടത്തോടെ ആയിരുന്നു തുടക്കം. ആകെയുണ്ടായ 10 അപകടങ്ങളിൽ ഒൻപതിലും തീർഥാടക വാഹനങ്ങളാണ് ഉൾപ്പെട്ടത്. ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടുള്ള കണമല ഇറക്കത്തിൽ മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ തന്നെ വട്ടം മറിഞ്ഞതിനാൽ അപകടത്തിന്റെ തീവ്രത കുറഞ്ഞു. മൂന്നാം ദിനത്തിൽ കാഞ്ഞിരപ്പള്ളി – ഇൗരാറ്റുപേട്ട റോഡിൽ വളവുകയത്ത്, ദർശനം കഴിഞ്ഞ് മടങ്ങിയ തൊടുപുഴ സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 5 വയസ്സുള്ള കുട്ടി ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു. കൂടുതൽ അപകടങ്ങൾ സംഭവിച്ചത് മുണ്ടക്കയം – കോരുത്തോട് – കുഴിമാവ് റൂട്ടിലാണ്. 5 ഇടങ്ങളിലായി തീർഥാടക വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം ഉണ്ടായി. പുളിന്താനം പടിയിൽ കാർ വീടിന്റെ മുറ്റത്തേക്കു മറിഞ്ഞെങ്കിലും വലിയ അപകടം വഴിമാറി. വിവിധ അപകടങ്ങളിലായി 4 പേർക്കു പരുക്കേറ്റു. 2 തീർഥാടകർക്കും 2 നാട്ടുകാർക്കുമാണ് പരുക്കേറ്റത്.
കണ്ണീർ വീഴുന്ന കണമലയും കണ്ണിമലയും
പ്രധാന ശബരിമല പാതയായ എരുമേലി – പമ്പ റോഡിലെ കണമല ഇറക്കവും മറ്റൊരു പാതയായ മുണ്ടക്കയം – എരുമേലി റൂട്ടിലെ കണ്ണിമല വളവുമാണു സ്ഥിരം അപകട സ്ഥലങ്ങൾ . ഇൗ രണ്ടിടങ്ങളിലും ആദ്യ ആഴ്ചയിൽ തന്നെ അപകടങ്ങൾ സംഭവിച്ചതോടെ ഭീതിയിലാണ് ജനങ്ങൾ. രണ്ടിടത്തും പൊലീസിന്റെ ക്യാംപ് ഉണ്ട്. ഐസിയു സൗകര്യമുള്ള ആംബുലൻസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പ് ചുവപ്പ് വെളിച്ചത്തിൽ മാത്രം ഒതുങ്ങുകയാണ്. രണ്ടിടങ്ങളിലായി കഴിഞ്ഞ വർഷം 2 ജീവനുകളും അപകടം കവർന്നിരുന്നു. ഇവിടെ വാഹനങ്ങളുടെ വേഗം നിയന്ത്രിച്ചു കടത്തിവിടാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുകയും വേഗത്തടകൾ സ്ഥാപിച്ച് കൃത്യമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്താൽ അപകടങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ ഒരു നടപടിയും ഏർപ്പെടുത്തിയിട്ടില്ല. പ്രധാന അപകട മേഖലയായ ഇവിടങ്ങളിൽ രാത്രി കൂടുതൽ വെളിച്ചം വഴിനീളെ ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
ഒരു നോട്ടവുമില്ലാതെ നെട്ടോട്ടം
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടക വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണം അമിത വേഗമാണ്. വളവുകളും ഇറക്കങ്ങളും നിറഞ്ഞ റോഡിൽ സ്ഥലപരിചയമില്ലാത്തതിനാൽ ഇവർ വേഗം കുറയ്ക്കില്ല. വേഗം കുറയ്ക്കണം എന്നതുൾപ്പെടെ മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും മേഖലയിലുണ്ട്. എരുമേലി ടൗണിലും സമീപപാതയിലും മാത്രമാണ് മതിയായ മുന്നറിയിപ്പുകൾ ഉള്ളത്. ഹൈറേഞ്ച് പാതയിലും മുണ്ടക്കയം – എരുമേലി, കോരുത്തോട് – കുഴിമാവ് റോഡുകളിലും മുൻകരുതലുകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇക്കുറി ഉണ്ടായിട്ടില്ല.