ശമ്പളം മുടങ്ങി; മുടക്കമില്ലാതെ കഷ്ടപ്പാട്; 3 മാസമായി ശമ്പളം ലഭിക്കാതെ സ്കൂൾ പാചകത്തൊഴിലാളികൾ
Mail This Article
കോട്ടയം∙ സ്കൂൾ പാചകത്തൊഴിലാളികളുടെ ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് എഐടിയുസിയുടെ സ്കൂൾ പാചക തൊഴിലാളി യൂണിയൻ യാചനാസമരം നടത്തി. 3 മാസമായി ശമ്പളം ലഭിക്കാതെ വന്നതോടെയാണു ഭിക്ഷപാത്രവുമായി സമരം.
ഉള്ളതിലും കൈയിട്ട് വാരി സർക്കാർ
9,600 രൂപയാണു പാചകത്തൊഴിലാളികളുടെ പ്രതിമാസ ശമ്പളം. എന്നാൽ കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നാരോപിച്ച് 1,000 രൂപ കുറച്ചാണു സംസ്ഥാന സർക്കാർ അവസാനമായി ശമ്പളം നൽകിയതെന്നു തൊഴിലാളികൾ പറഞ്ഞു. വർഷങ്ങളായി ജോലി ചെയ്താലും ഇഎസ്ഐയും പെൻഷനും മറ്റ് ആനുകൂല്യങ്ങളൊന്നും സർക്കാർ നൽകുന്നില്ല.
കഷ്ടപ്പാടിന്റെ പാചകശാല
സമരത്തിൽ മുഴങ്ങിയ പ്രതിഷേധ സ്വരത്തിനൊപ്പം കേട്ടതു കഷ്ടപ്പാടുകളുടെ യാചനാ സ്വരവും.‘രാവിലെ 7.3നു ജോലി തുടങ്ങും. ദിവസവും 10 മണിക്കൂറിലേറെ ജോലി ചെയ്യുന്നുണ്ട്. 500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നാണു സർക്കാർചട്ടം. പലപ്പോഴും കുട്ടികൾക്കു സമയത്തിനു ഭക്ഷണം നൽകാൻ സാധിക്കുന്നില്ല. ഇത് ഒഴിവാക്കാനായി പലയിടത്തും തൊഴിലാളികൾ തന്നെ പണം നൽകി ഒരാളെ സഹായത്തിനായി നിർത്തിയിട്ടുണ്ട്. 16 ദിവസം മാത്രം ജോലിയുള്ള ഞങ്ങൾക്കു 600 രൂപയാണു ദിവസ വരുമാനം.ഇതിൽ 300 രൂപ സഹായിക്കു നൽകും. 6 വർഷമായി ശമ്പള വർധനയില്ല. സ്പോൺസർ ചെയ്യുന്ന ഭക്ഷണവും ഞങ്ങൾ തന്നെ ഉണ്ടാക്കണം’– യൂണിയൻ സംസ്ഥാന ട്രഷറർ ആലീസ് തങ്കച്ചൻ പറഞ്ഞു.
ആരോടു പറയാൻ,ആരു കേൾക്കാൻ
75 വയസ്സുള്ള മറിയാമ്മ കുര്യാക്കോസ് 42 വർഷമായി പാചക തൊഴിലാളിയാണ്. നല്ല പ്രായം മുഴുവനും കുട്ടികളെ ഊട്ടാനായി മാറ്റിവച്ച മറിയാമ്മയ്ക്ക് ഇപ്പോൾ ശമ്പളം മുടക്കം കൂടാതെ നൽകണമെന്ന അപേക്ഷ മാത്രമേയുള്ളൂ.24 വർഷമായി ഈ ജോലി ചെയ്യുന്ന രാധാമണിയുടെ സാഹചര്യവും ഇതുതന്നെ.രാധാമണിയുടെ തുച്ഛമായ വരുമാനത്തിലാണു കുടുംബം മുന്നോട്ടുപോകുന്നത്.രോഗിയായ ഭർത്താവിനു മരുന്നു വാങ്ങാൻ പോലും കടം വാങ്ങേണ്ട സ്ഥിതി. 8 വർഷമായി സ്കൂളിൽ പാചകജോലി ചെയ്യുകയാണ് സുനിത ജോബി. ശമ്പളം മുടങ്ങിയതോടെ മകളുടെ പഠനം അനിശ്ചിതത്വത്തിലായെന്നു സുനിത പറഞ്ഞു.