വൈക്കത്തഷ്ടമി ആറാട്ട് ഇന്ന്
Mail This Article
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ സമാപനച്ചടങ്ങായ ആറാട്ട് ഇന്ന്. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വൈകിട്ട് 5നാണ് ആറാട്ട് എഴുന്നള്ളിപ്പ്.അനുജ്ഞാപൂജ ചെയ്ത് ആറാട്ടുബലി തൂകിയ ശേഷം കൊടിക്കൂറയിൽ നിന്നു വൈക്കത്തപ്പന്റെ ചൈതന്യം തങ്കവിഗ്രഹത്തിലേക്ക് ആവാഹിക്കും.വിശേഷാൽ പൂജാകർമങ്ങൾക്കു ശേഷം വൈക്കത്തപ്പനെ ആനപ്പുറത്ത് എഴുന്നള്ളിച്ച് ഒരു പ്രദക്ഷിണത്തിനു ശേഷം കൊടിമരച്ചുവട്ടിലെത്തി പാർവതീദേവിയോടു യാത്ര ചോദിക്കുകയും മടങ്ങിയെത്തുന്നതു വരെ പാർവതീദേവിയെ കാത്തുസംരക്ഷിക്കണമെന്നു തന്റെ അനുചരന്മാർക്കു നിർദേശം നൽകുകയും ചെയ്ത ശേഷമാണു വൈക്കത്തപ്പൻ ആറാട്ടിനായി ഗോപുരം ഇറങ്ങുന്നത്.
ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയിൽ എത്തിയ വൈക്കത്തപ്പനെ പുത്രനായ ഉദയനാപുരത്തപ്പൻ ആചാരമനുസരിച്ച് എഴുന്നള്ളി അരിയും പൂവും തൂകി എതിരേൽക്കും. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ടുകുളത്തിൽ താന്ത്രികവിധി പ്രകാരം വൈക്കത്തപ്പന്റെ ആറാട്ട് നടക്കും. വാദ്യമേളങ്ങളും സായുധസേനയും അകമ്പടിയേകും.ആറാട്ടിനു ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ നടത്തും. ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വൈക്കത്തപ്പൻ, ഉദയനാപുരത്തപ്പൻ എന്നിവരുടെ തങ്കവിഗ്രഹങ്ങൾ ഒരേ പീഠത്തിൽ വച്ചു പൂജ ചെയ്യുന്ന ചടങ്ങാണു കൂടിപ്പൂജ.കൂടിപ്പൂജ വിളക്കിനു ശേഷം ഉദയനാപുരത്തപ്പനോടു വിട പറഞ്ഞു വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്കു യാത്രയാകും. ആറാട്ട്, ശ്രീഭൂതബലി, ഉത്സവബലി എന്നീ വിശേഷപ്പെട്ട ചടങ്ങുകൾക്കു മൂലവിഗ്രഹമാണ് എഴുന്നള്ളിപ്പിന് ഉപയോഗിക്കുക എന്നതും പ്രത്യേകതയാണ്.
ക്ഷേത്രത്തിലെത്തിയത് രണ്ടു ലക്ഷത്തിലേറെ ഭക്തർ
വൈക്കം ∙ വൈക്കത്തഷ്ടമി നാളുകളിൽ രണ്ടു ലക്ഷത്തിലധികം ഭക്തർ ക്ഷേത്രദർശനം നടത്തിയതായി ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ കെ.ആർ.ശ്രീലത അറിയിച്ചു. വൈക്കത്തപ്പന്റെ ഇഷ്ടവഴിപാടായ പ്രാതലിൽ പതിനയ്യായിരത്തിലേറെ ഭക്തർ പങ്കെടുത്തു. 70 വയസ്സു കഴിഞ്ഞവർക്കു പ്രാതലിൽ പങ്കെടുക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.കൂടുതലായി തയാറാക്കിയ അലങ്കാരപ്പന്തലും ബാരിക്കേഡുകളും ഭക്തജനത്തിരക്കു നിയന്ത്രിക്കാൻ ഏറെ സഹായകരമായി. മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിവിധ അവലോകന യോഗങ്ങളിലെ നിർദേശാനുസരണം വകുപ്പുകളുടെ ഏകോപനം അഷ്ടമി ഉത്സവം ഭംഗിയാക്കാൻ സഹായകമായെന്നു ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ കെ.ആർ.ശ്രീലത, അസി. ദേവസ്വം കമ്മിഷണർ എം.ജി.മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
വൈക്കത്തപ്പന് മുക്കുടിനിവേദ്യം നാളെ
വൈക്കം ∙ ഭക്തിയുടെ നിറവിൽ ആചാരപ്രകാരം നാളെ വൈക്കത്തപ്പനു മുക്കുടിനിവേദ്യം നടത്തും.വൈക്കത്തഷ്ടമിയുടെ ഭാഗമായി നടത്തുന്ന വിശിഷ്ടചടങ്ങായ മുക്കുടിനിവേദ്യം കൊടികയറി 14–ാം നാളിൽ ഉച്ചപ്പൂജയുടെ പ്രസന്നപൂജയ്ക്കാണു വൈക്കത്തപ്പനു നേദിക്കുന്നത്. ഉത്സവസമയത്തു നിത്യനിദാനം ഉൾപ്പടെയുള്ള പൂജാസംവിധാനങ്ങളിൽ വന്നുപെട്ടേക്കാവുന്ന ജീർണത മാറ്റാനാണു വൈക്കത്തപ്പനു മുക്കുടിനിവേദ്യം നടത്തുന്നത്.തൃശൂർ വടക്കാഞ്ചേരി കുമാരനല്ലൂർ കുട്ടഞ്ചേരി ശ്രീകുമാർ മൂസതിന്റെ നേതൃത്വത്തിൽ പ്രകൃതിയിൽ നിന്നു ലഭിക്കുന്ന ഔഷധസസ്യങ്ങൾ ഉണക്കിപ്പൊടിച്ചു ക്ഷേത്രനടയിൽ സമർപ്പിച്ച ഔഷധക്കൂട്ട്, ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ചു ശുദ്ധമായ മോരിൽ പാകപ്പെടുത്തിയ ശേഷമാണു വൈക്കത്തപ്പനു നേദിക്കുന്നത്. മുക്കുടിനിവേദ്യം വാങ്ങി ഉപയോഗിക്കുവാൻ ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തുക പതിവാണ്.