ADVERTISEMENT

നാദാപുരം∙  നാലു  പേരുടെ മരണത്തിനും കോടികളുടെ നഷ്ടങ്ങൾക്കും ഇടയാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് പുതുവർഷത്തിലും കരകയറാൻ കഴിയാനാകാതെ പകച്ചിരിക്കുകയാണ് വിലങ്ങാട് എന്ന കർഷക കുടിയേറ്റ ഗ്രാമം. ഓഗസ്റ്റ് 8നു രാത്രിയുണ്ടായ  ദുരന്തത്തിൽ വീടുകൾ നിശ്ശേഷം നശിച്ചവരും വീടുകൾ ഇനി വാസയോഗ്യമല്ലാത്ത സ്ഥിതിയിലായവരുമായ കുടുംബങ്ങൾ ഇപ്പോഴും വാടകവീടുകളിൽ കഴിയുന്നു. 

വിലങ്ങാട്ടെ ആലിമൂല എന്ന ഗ്രാമത്തിന്റെ മടിത്തട്ടിൽ ഇപ്പോഴും നശിച്ച വീടുകളുടെയും വാഹനങ്ങളുടെയും വീട്ടു സാധനങ്ങളുടെയും അവശിഷ്ടങ്ങളാണ്. ചിലരൊക്കെ ഇടയ്ക്കിടെ ആകെയുണ്ടായിരുന്ന സമ്പാദ്യം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായ ഇടം വന്നു നോക്കി പോകും. ചിലർ, ഇവിടെ തന്നെ വീടൊരുക്കാനാകുമോ എന്നു പരീക്ഷിച്ചു പരാജയപ്പെട്ടു. ഭൂമി വിഴുങ്ങിയ വീടുകളുടെ അവശിഷ്ടങ്ങളാണിവിടെ ബാക്കി. മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ കല്ലുകൾ കുറേയേറെ നീക്കി.

ഇനിയുമേറെ ബാക്കി. ചെളി കെട്ടിക്കിടക്കുന്ന വാസയോഗ്യമല്ലാത്ത വീടുകൾ പലതും നഷ്ടത്തിന്റെ സാക്ഷ്യപത്രമെന്നോണം കാണാം. ഇവയെല്ലാം നീക്കിയാൽ‌ തന്നെ ഇവിടെ വീണ്ടും വീടു പണിയാൻ അധികൃതർ അനുമതി നൽകില്ല. വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നു എന്നതാണ് കാരണം. മറ്റെവിടെയെങ്കിലും വീട് വയ്ക്കാൻ  പലർക്കും സ്ഥലമില്ല.

പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ളവർ വാടക വീടുകളിൽ തന്നെ ജീവിച്ചുതീർക്കുന്നതിനിടയിലും ഇടയ്ക്ക് ദുരന്ത ഭൂമിയിൽ‌ വന്നും പോയുമിരിക്കുന്നവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്നാണ്, സർക്കാർ പ്രഖ്യാപിച്ച സഹായം തങ്ങൾ‌ക്കു ലഭിക്കുകയെന്ന്. മരിച്ചവരുടെ കുടംബങ്ങൾക്കുള്ള സഹായധനം അല്ലാതെ വീടും ഭൂമിയും നഷ്ടമായവർക്ക് പ്രഖ്യാപിച്ച സഹായ ധനമൊന്നും ഇതു വരെ ലഭ്യമായിട്ടില്ല. 10,000 രൂപ താൽക്കാലിക ആശ്വാസമായി പ്രഖ്യാപിച്ചതു പോലും ലഭിക്കാത്ത കുടുംബങ്ങളുണ്ട്.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ വീട്ടുവാടകയും കണ്ടെത്തേണ്ടി വന്നത് ഇവരുടെ കുറ്റം കൊണ്ടല്ല. ഏറെക്കാലം കഷ്ടപ്പെട്ടുണ്ടാക്കിയ വീടുകൾ ഇല്ലാതായവർക്ക് വീടുകൾ‌ മാത്രമല്ല, ഭൂമിയും വീട്ടിലുണ്ടായിരുന്നതും എല്ലാം നഷ്ടമായതാണ്. മന്ത്രിമാരും കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥ മേധാവികളും വരെ എത്തി ദുരിതം കണ്ടു മടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. ഇനിയെങ്കിലും ഈ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ, പ്രഖ്യാപിച്ച നഷ്ടപരിഹാരമെങ്കിലും നൽകാൻ കനിവ് കാണിക്കേണ്ടത് സർക്കാരാണ്. 

മാതൃകയായി കോൺഗ്രസും സിപിഐയും വിലങ്ങാട് ഫൊറോന പള്ളിയും 

ഉരുൾപൊട്ടലിൽ മരിച്ച ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ എന്നിവരുടെ കുടുംബത്തിൽ അവശേഷിച്ച 2 മക്കൾക്ക് കെപിസിസി 5 ലക്ഷം രൂപ നൽകി. സിപിഐ അംഗമായിരുന്നു ബെന്നി. ബെന്നി, മേരിക്കുട്ടി ദമ്പതികളുടെ 2 മക്കൾക്കുള്ള വീടിന്റെ നിർമാണം സിപിഐയാണ് ഏറ്റെടുത്തത്. പണി പുരോഗമിക്കുന്നു. 

മരിച്ച ലിസിയുടെ കുടുംബത്തിന് കോൺഗ്രസും വീട് വയ്ക്കാൻ സ്ഥലം വാങ്ങിച്ചിട്ടുണ്ട്. 5 ലക്ഷം രൂപ കെപിസിസി നൽകിയിട്ടുമുണ്ട്. വൈകാതെ വീടുപണി തുടങ്ങുമെന്ന് നേതൃത്വം അറിയിച്ചു. വീടും ഭൂമിയും ഇല്ലാതായവരുടെ പുനരധിവാസത്തിന് വിലങ്ങാട് ഫൊറോന പള്ളി സ്ഥലം വിലയ്ക്കെടുത്തിട്ടുണ്ട്. ഇവിടെ വീടുകൾ നിർമിക്കാൻ സർക്കാർ സഹായം ലഭ്യമാകേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com