പുതിയ മൂരാട് പാലത്തിനായി പൈലിങ് ടെസ്റ്റ് തുടങ്ങി
Mail This Article
വടകര ∙ ദേശീയപാതയിൽ പഴയ മൂരാട് പാലത്തിനു പകരം പുതുതായി നിർമിക്കുന്ന പാലത്തിന്റെ പൈലിങ് ടെസ്റ്റ് ആരംഭിച്ചു. പൈലിങ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനകളാണ് ഇന്നലെ തുടങ്ങിയത്. ഭാരം താങ്ങുന്നതിനായി ലോഡ് നിറയ്ക്കുന്ന പ്രവൃത്തിയാണ് ആദ്യം നടക്കുക. അത് 28 ദിവസം നീളും. 7 സ്പാനുകളാണ് പാലത്തിന് ഉള്ളത്. അതിൽ 3 എണ്ണം വെള്ളത്തിലും 4 എണ്ണം കരയിലുമായിരിക്കും. പാലത്തിന്റെ വടക്കു ഭാഗത്തെ കരയിലാണ് ആദ്യം പൈലിങ് നടക്കുക.
ഭാരം കയറ്റിയുള്ള പരിശോധന പൂർത്തിയായാൽ പൈലിങ് ദ്രുതഗതിയിൽ ആരംഭിക്കും. 8 മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ഒന്നര വർഷത്തിനുള്ളിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ പാലം യാഥാർഥ്യമാകും. മൂരാട് പാലം മുതൽ പാലോളിപ്പാലം വരെയുള്ള റോഡ് പണി ദ്രുതഗതിയിൽ നടക്കുകയാണ്. മൂരാട് പാലം കഴിഞ്ഞുള്ള കുന്ന് ഇടിച്ചും പാലയാട്ട് നടയിൽ നിലവിലുള്ള റോഡ് താഴ്ത്തിയുമാണ് ആറുവരി പാത പണിയുന്നത്.