ജനപ്രിയമായി മധുമതി; ദിലീപ് കുമാർ കോഴിക്കോടിന്റെ ഖൽബ് കവർന്ന താരം
Mail This Article
കോഴിക്കോട് ∙ അന്തരിച്ച നടൻ ദിലീപ് കുമാറിനു കോഴിക്കോടുമായി വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നു. ബോളിവുഡിൽ സൂപ്പർതാരമായിരിക്കുമ്പോൾ പലതവണ കേരളത്തിൽ എത്തിയിട്ടുള്ള അദ്ദേഹം കോഴിക്കോടും 3 തവണ സന്ദർശിച്ചിരുന്നു. ആദ്യ സന്ദർശനം 1962 ജനുവരിയിൽ ആയിരുന്നു. അന്ന് ക്രൗൺ തിയറ്ററിൽ ‘ഗംഗ ജുമ്ന’ എന്ന സിനിമയുടെ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. ആരാധകരുടെ തിരക്കിൽ നിന്ന് പൊലിസ് ഒരു വിധത്തിലാണ് ദിലീപ് കുമാറിനെ രക്ഷപ്പെടുത്തി തിയറ്ററിന്റെ മട്ടുപ്പാവിലെത്തിച്ചതെന്ന് അന്ന് സ്കൂൾ വിദ്യാർഥിയായിരുന്ന ഇപ്പോഴത്തെ ക്രൗൺ തിയറ്റർ ഉടമകളിലൊരാളായ എ.ആർ.പ്രകാശ് പറയുന്നു. ‘‘തിരിച്ച് അദ്ദേഹം താമസിച്ചിരുന്ന ബീച്ച് ഹോട്ടലിലേക്ക് പോകാൻ കാറിൽ കയറ്റാനും പൊലീസ് നന്നേ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് ഞങ്ങൾ കുടുംബാംഗങ്ങൾ ബീച്ച് ഹോട്ടലിലെ കോട്ടേജിലെത്തി അദ്ദേഹത്തെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തു. ’’– പ്രകാശ് പറഞ്ഞു.
വയനാട്ടിലെ മേപ്പാടിയിൽ നിന്നാണ് 1962 ജനുവരിയിൽ ക്രൗണിലെ പരിപാടിയിൽ പങ്കെടുക്കാൻ ദിലീപ്കുമാർ കോഴിക്കോട്ടെത്തിയത്. അദ്ദേഹത്തിന്റെ മൈസൂരിലെ സുഹൃത്തായ നാസർ ഹുസൈന്റെ നിർദേശ പ്രകാരം മേപ്പാടിയിൽ ഒരു എസ്റ്റേറ്റ് വാങ്ങുന്നതിനായി കൽപറ്റയിലെ നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജിയെ കാണുന്നതിനായാണ് എത്തിയത്. നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജിക്കൊപ്പമാണ് അദ്ദേഹം അന്ന് കോഴിക്കോട്ടെത്തിയത്. എംഇഎസിന്റെ സ്ഥാപക നേതാവും ദീർഘകാലം എംഇഎസ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഡോ.പി.കെ.അബ്ദുൽ ഗഫൂറുമായി സൗഹൃദത്തിലായിരുന്ന അദ്ദേഹം എംഇഎസിന്റെ മുഖ്യ രക്ഷാധികാരിയായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. എംഇഎസിന്റെ ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കാൻ പലതവണ കേരളത്തിലെത്തിയിരുന്നു.
എഴുപതുകളിൽ എംഇഎസിന്റെ ധനശേഖരണാർഥം കോഴിക്കോട്ട് നടത്തിയ താരനിശയിലും അദ്ദേഹം പങ്കെടുത്തു. 1989 ഡിസംബർ 31 നു മാനാഞ്ചിറ മൈതാനത്ത് നടന്ന എംഇഎസ് രജത ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാനും ദിലീപ്കുമാർ കോഴിക്കോട്ടെത്തിയിരുന്നു. ബോക്സിങ് ഇതിഹാസം മുഹമ്മദാലിക്കും ജസ്റ്റിസ് ഫാത്തിമാബീവിക്കും ഒപ്പമാണ് ദിലീപ്കുമാർ എംഇഎസ് രജതജൂബിലി സമ്മേളനത്തിൽ പങ്കെടുത്തത്. ദിലീപ്കുമാറിന്റെ നിര്യാണത്തിൽ എംഇഎസ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.മൊയ്തു അനുശോചിച്ചു.
ജനപ്രിയമായി മധുമതി
ദിലീപ്കുമാർ നായകനായി അഭിനയിച്ച മധുമതി എന്ന സിനിമ ക്രൗൺ തിയറ്ററിൽ 1950കളിലും 60 കളിലുമായി പത്തുതവണയെങ്കിലും പ്രദർശനത്തിനെത്തിയിരുന്നു. ആദ്യ റിലീസിൽ ഒരു മാസത്തിലേറെ തുടർച്ചയായി കളിച്ച ഈ സിനിമ പിന്നീട് പലപ്പോഴായി കളിച്ചപ്പോഴും നിറഞ്ഞ സദസ്സായിരുന്നു. മുഗൾ, ഇ അസം തുടങ്ങിയ ദിലീപ് കുമാർ സിനിമകളും കോഴിക്കോട്ട് ആഴ്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ദിലീപ്കുമാറിനു ആരാധകർ ഏറെയുണ്ടായിരുന്ന നഗരമായിരുന്നു കോഴിക്കോട്.