പ്രകൃതിക്ഷോഭം അലട്ടിയില്ല;ജാഗ്രത തുടർന്നു വിലങ്ങാട്
Mail This Article
നാദാപുരം ∙ പ്രകൃതി ദുരന്തത്തിന്റെ വാർത്തകൾക്കിടയിൽ വിലങ്ങാട്ട് വീണ്ടുമൊരു ഉരുൾ പൊട്ടൽ സാധ്യത മുന്നിൽ കണ്ട് അധികൃതരും നാട്ടുകാരും ജാഗ്രതയിൽ. എന്നാൽ, പേമാരി ഇത്തവണ വിലങ്ങാടിനെ തെല്ലും അലോസരപ്പെടുത്തിയിട്ടില്ല. വയനാടൻ കാടുകളിൽ പെയ്യുന്ന മഴവെള്ളം വാണിമേൽ പുഴയിലേക്കു കുത്തിയൊഴുകിയെത്തുന്നതു പോലും ശാന്തമായാണ്.
മുൻപ്, 4 പേരുടെ മരണത്തിനും കോടികളുടെ നഷ്ടത്തിനും ഇടയാക്കിയ ആലിമൂലയിലെ ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ ഓർമകളാണ് അധികൃതരെയും ജനങ്ങളെയും ജാഗ്രതയിലേക്കു നയിക്കുന്നത്. അന്നു വിദഗ്ധർ നടത്തിയ പരിശോധനയിലും പഠനത്തിലും വിലങ്ങാട് മലനിരകളിൽ ഉരുൾ പൊട്ടൽ സാധ്യത പ്രവചിച്ചിരുന്നു.ഇത്തവണ കാലവർഷം തുടങ്ങിയതു മുതൽ മയ്യഴി പുഴയുടെ ഉത്ഭവ കേന്ദ്രങ്ങളിൽ എവിടെയും കാര്യമായ ദുരന്തങ്ങളോ പ്രളയക്കെടുതികളോ ഉണ്ടായിട്ടില്ല എന്നതിൽ ആശ്വസിക്കുകയാണു എല്ലാവരും.