മലയങ്ങാട്ട് വീണ്ടും കാട്ടാന ഇറങ്ങി; റബർ മരങ്ങൾ നശിപ്പിച്ചു
Mail This Article
നാദാപുരം∙ ആഴ്ചകൾക്കു മുൻപ് താമരശ്ശേരി നിന്നുള്ള വനം വകുപ്പിന്റെ ദൃതകർമ സേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു കാട്ടിലേക്കു കയറ്റി വിട്ട കാട്ടാനക്കൂട്ടം വീണ്ടും വിലങ്ങാട് മലയങ്ങാട്ട് ഇറങ്ങി കൃഷി നശിപ്പിച്ചു. 5 ആനകളാണ് എത്തിയത്. പുറ്റുമണ്ണിൽ തങ്കച്ചൻ, കവൂർ മൊയ്‌തുഹാജി, അബു വാണിമേൽ എന്നിവരുടെ സ്ഥലത്താണ് ആന ഇറങ്ങിയത്. ഇത്തവണ ഏതാനും റബർ മരങ്ങൾ മാത്രമേ നശിപ്പിച്ചിട്ടുള്ളൂ.
പടക്കം പൊട്ടിച്ചു ആനയെ ഓടിക്കാൻ നാട്ടുകാർ ശ്രമം തുടങ്ങി. കൂടുതൽ കൃഷി നശിപ്പിക്കുന്നതിനു മുൻപ് ആനയെ തുരത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഒന്നര മാസം മുൻപ് ലക്ഷങ്ങളുടെ കൃഷി ആനകൾ നശിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വനം മന്ത്രിയെ കണ്ടു നിവേദനം നൽകുകയും അഞ്ചര കിലോമീറ്റർ സോളർ ഫെൻസിങ് സ്ഥാപിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകുകയും ചെയ്തിരുന്നു. അഞ്ചര കിലോമീറ്റർ ഫെൻസിങ് സ്ഥാപിക്കാൻ കരാർ നൽകിയിട്ടുമുണ്ട്. ഉടൻ ഫെൻസിങ് സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ് വിലങ്ങാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.