ADVERTISEMENT

ഗോതീശ്വരത്ത് കടൽഭിത്തി നിർമിച്ചു തീരദേശവാസികൾക്ക് സുരക്ഷയൊരുക്കാൻ ഇനി എന്നു നടപടിയുണ്ടാകുമെന്ന ചോദ്യമുയരുന്നു. പതിറ്റാണ്ടുകളായി കടലാക്രമണ ഭീഷണി നേരിട്ടു കഴിയുന്ന കുടുംബങ്ങളാണ് അധികൃതർക്കു മുൻപിൽ ഇക്കാര്യം ഉന്നയിക്കുന്നത്. കടലാക്രമണം ഉണ്ടാകുമ്പോൾ കുഞ്ഞുങ്ങളെയും എടുത്ത് സുരക്ഷിത സ്ഥലത്തേക്ക് പോകുന്നതിനു പരിഹാരം തേടുകയാണിവർ.

കടൽ ഭിത്തിയില്ല

ഗോതീശ്വരത്ത് ചിൽഡ്രൻസ് പാർക്ക് മുതൽ ക്ഷേത്ര പരിസരം വരെ 535 മീറ്റർ ദൂരത്തിൽ കടലിനു ഭിത്തിയില്ല. വർഷകാലത്ത് ചെറിയൊരു തിരയടി ഉണ്ടായാൽ പോലും വീടുകളിലേക്കു വെള്ളം ഇരച്ചെത്തുന്ന നിലയാണ്. കടലാക്രമണത്തിൽ വെള്ളം കയറലും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കലും ഗോതീശ്വരത്ത് പതിവാണ്. എന്നിട്ടും കരിങ്കൽ ഭിത്തി കെട്ടി ജനവാസ മേഖല സുരക്ഷിതമാക്കാൻ ഇതുവരെ നടപടിയുണ്ടായില്ല. കൈതവളപ്പ് മുതൽ ചിൽഡ്രൻസ് പാർക്ക് വരെ 465 മീറ്ററിൽ ഗാബിയോൺ ബോക്സ് മാതൃകയിൽ കടലിനു ഭിത്തി കെട്ടിയെങ്കിലും അന്നു ജനവാസ മേഖല പരിഗണിച്ചില്ല. ഇതാണു തീരദേശവാസികൾക്ക് തിരിച്ചടിയായത്. കടൽക്കരയിൽ ഭിത്തി നിർമിക്കണം എന്നാവശ്യപ്പെട്ടു നാട്ടുകാരും വിവിധ കക്ഷികളും പലവട്ടം സമരം നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തെങ്കിലും കടലോര നിവാസികളുടെ ഭീതി അകറ്റാൻ ഭരണകൂടം തയാറാകുന്നില്ല.

Kozhikode News
ഗാബിയോൺ ബോക്സ് മാതൃകയിൽ ഗോതീശ്വരം കൈതവളപ്പ് തീരത്ത് നിർമിച്ച കടൽഭിത്തി നശിച്ച നിലയിൽ.

വാക്കിൽ വിശ്വാസമില്ലാതായി

കടലാക്രമണം ഉണ്ടാകുമ്പോൾ തീരം സന്ദർശിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന പട പതിവായി എത്തുമെങ്കിലും പ്രയോജനമില്ലെന്നു തീരവാസികൾ. ജനവാസ കേന്ദ്രത്തിൽ മുഴുവൻ താൽക്കാലിക ഭിത്തി നിർമിക്കുമെന്ന ഉറപ്പ് നൽകിയിട്ടു 20 വർഷം പിന്നിട്ടു. അത്യാഹിത വേളകളിൽ തീരം സന്ദർശിക്കാൻ എത്തുന്നവർ അടിയന്തര നടപടിയെടുക്കാൻ നിർദേശം നൽകുമെങ്കിലും പിന്നീട് ഒന്നും നടക്കാറില്ല. ഇതിനാൽ തന്നെ അധികൃതരുടെ വാക്ക് ജനങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നില്ല.

ഗാബിയോൺ ബോക്സ് ഭിത്തിയും നശിച്ചു

ഗോതീശ്വരം കൈതവളപ്പ് തീരത്ത് ഗാബിയോൺ ബോക്സ് മാതൃകയിൽ നിർമിച്ച കടൽഭിത്തിയും നശിക്കുന്നു. കരിങ്കല്ല് അടുക്കിവച്ച നൈലോൺ വല പൊട്ടിയാണ് ഭിത്തിക്കു ബലക്ഷയം നേരിട്ടത്. ഗോതീശ്വരം ശ്മശാനം പരിസരത്ത് പലയിടത്തും കരിങ്കല്ലുകൾ ഇളകി ചിതറിക്കിടക്കുകയാണ്. 2010ലാണു കൈതവളപ്പ് മുതൽ ഗോതീശ്വരം പാർക്ക് വരെ 465 മീറ്റർ ദൂരത്തിൽ പുതു മാതൃകയിൽ കടൽ ഭിത്തി കെട്ടിയത്. ചെന്നൈ ഐഐടി രൂപകൽപന ചെയ്ത ബോക്സ് മാതൃകയിൽ ജലവിഭവ വകുപ്പ് നേതൃത്വത്തിലായിരുന്നു നിർമാണം. കടൽത്തീരത്ത് ഗാബിയോൺ വലകൾ വിരിച്ചു അടുക്കി വയ്ക്കുന്ന കരിങ്കല്ലുകൾക്ക് ഇടയിൽ മണൽ വ്യാപിച്ചു ബലപ്പെടും എന്നതായിരുന്നു പ്രത്യേകത. ഭിത്തി നശിച്ചതോടെ കടലാക്രമണം ഉണ്ടായാൽ തീരദേശ റോഡിലേക്കു വെള്ളം വ്യാപിക്കുമെന്ന് ആശങ്ക ഉയർന്നു.

ഗോതീശ്വരം ക്ഷേത്ര റോഡ് ഭീഷണിയിൽ

കടൽഭിത്തി ഇല്ലാത്തതിനാൽ ഗോതീശ്വരം തീരദേശ റോഡ് തകർച്ചയിലാണ്. കഴിഞ്ഞ മേയിൽ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റ് വേളയിൽ കടൽക്ഷോഭത്തിൽ തകർന്ന പാത ഇതുവരെ പുനർനിർമിച്ചിട്ടില്ല. ഗോതീശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ 100 മീറ്ററോളം ഭാഗമാണ് വെള്ളം തള്ളിക്കയറി തകർന്നത്. റോഡിന്റെ പകുതിയോളം ഭാഗം ടാറിങ് പൊളിഞ്ഞിട്ടുണ്ട്. തീരത്ത് കരിങ്കൽ നിക്ഷേപിച്ച് താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് ഇതുവഴി സഞ്ചാരം. കടലിനു സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്തു വ്യാപകമായി കരയിടിഞ്ഞിട്ടുണ്ട്.

കടലേറ്റത്തിൽ തകർന്ന ഗോതീശ്വരം തീരദേശ റോഡ്.

ഫണ്ട് അനുവദിക്കാത്തത് പ്രശ്നം

ജലവിഭവ വകുപ്പ് സമർപ്പിച്ച പദ്ധതിക്കു സർക്കാർ ഫണ്ട് അനുവദിക്കാത്തതാണു ഗോതീശ്വരം തീരത്തെ കടൽ ഭിത്തി നിർമാണം വൈകിപ്പിക്കുന്നത്. ഗോതീശ്വരത്ത് 535 മീറ്റർ ദൂരത്തു കരിങ്കൽ ഭിത്തി നിർമിക്കുന്നതിനു 4 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടു വർഷങ്ങൾ പിന്നിട്ടെങ്കിലും നാളിതുവരെ അനുമതിയും ഫണ്ടും ലഭിച്ചില്ല. 2012 മുതൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ജലവിഭവ വകുപ്പ് ഭിത്തി നിർമാണ പദ്ധതി സമർപ്പിച്ചിരുന്നു. വളരെ അത്യാവശ്യമായി ചെയ്യേണ്ട പ്രവൃത്തി എന്ന പരിഗണനയിൽ 3 വട്ടം എസ്റ്റിമേറ്റ് പുതുക്കി സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. നബാർഡ് ഫണ്ട് ലഭിച്ചില്ലെങ്കിൽ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയിലെങ്കിലും(എഫ്എംബി)ഉൾപെടുത്താൻ നിർദേശം സമർപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇനി സർക്കാർ ഫണ്ട് ലഭിച്ചാൽ മാത്രമേ ഭിത്തി നിർമാണം ആരംഭിക്കാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com