മഴയിൽ കുതിർന്ന് ചെരണ്ടത്തൂർ ചിറയിലെ കർഷകരുടെ സ്വപ്നം
Mail This Article
വടകര∙ പെട്ടെന്നുണ്ടായ മഴ ചെരണ്ടത്തൂർ ചിറയിലെ 350 ഏക്കറോളം നെൽകൃഷി നാശത്തിലാക്കി. മണിയൂർ പഞ്ചായത്തിന്റെ നെല്ലറയായ ചിറയിൽ കൊയ്യാൻ പാകമായ വിളയാണ് നശിച്ചത്. 2 ദിവസമായി തുടർച്ചയായി പെയ്ത മഴ മൂലം നെല്ലിനു പുറമേ വൈക്കോലും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലായി. ഇതോടെ മൂപ്പെത്തും മുൻപ് അവശേഷിക്കുന്ന വിള കൊയ്യാനുള്ള ശ്രമത്തിലാണ് കർഷകർ. ഇങ്ങനെ വരുമ്പോൾ 100 കിലോ വിൽക്കുമ്പോൾ പകുതി വില പോലും കിട്ടില്ല.കഴിഞ്ഞ വർഷത്തെ 135 ഏക്കർ കൃഷി വെള്ളത്തിലായതിന്റെ സഹായം നിഷേധിക്കപ്പെട്ടതിനു പുറമേയാണ് ഇത്തവണത്തെ നഷ്ടവും. സംഘമായും ഒറ്റയ്ക്കും കൃഷി ചെയ്യുന്ന നൂറു കണക്കിനാളുകൾക്കാണ് പെട്ടെന്നുണ്ടായ മഴ വിനയായത്.
വെള്ളത്തെ പ്രതിരോധിക്കുന്ന ബണ്ടുകൾ ഉയർത്തുകയും തകർന്ന വിയർ കം ബ്രിജുകൾ പൊളിച്ച് പുതിയവ പണിയുകയും ചെയ്യുമെന്ന ഉറപ്പിലാണ് പലരും കൃഷിയിറക്കിയത്. എന്നാൽ ഈ പണികൾ നടന്നിട്ടില്ല. ഇനി അടുത്ത ഏപ്രിൽ കഴിഞ്ഞ് വിത്തിറക്കിയ ശേഷമേ പണി തുടങ്ങാൻ കഴിയൂ. 2 വർഷമായുള്ള കൃഷിനാശം മൂലം മനംമടുത്തതിനാൽ അടുത്ത വർഷം വിത്തിറക്കില്ലെന്നാണ് കർഷകർ പറയുന്നത്.സപ്ലൈകോ നെല്ല് വാങ്ങാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് കർഷകർക്ക് അൽപം ആശ്വാസമാണ്. കരയ്ക്കിട്ട നെല്ല് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള തിരക്കിലാണ് കർഷകർ. ഇല്ലെങ്കിൽ മുള പൊട്ടും.