ADVERTISEMENT

കോഴിക്കോട്∙ കടകളിൽ നിന്നു കൃത്യമായി ബില്ല് നൽകുന്നുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് പർച്ചേസുകൾ ശക്തമാക്കി ജിഎസ്ടി വകുപ്പ്. ജില്ലയിൽ മാർച്ച് വരെ ആകെ 236 കടകളിൽ പരിശോധനകൾ നടത്തിയപ്പോൾ 136 വ്യാപാരികളും ബില്ല് നൽകിയിരുന്നില്ലെന്നു കണ്ടെത്തിയിരുന്നു. കടകളിൽ ചരക്കു സേവന നികുതി ഉദ്യോഗസ്ഥർ എത്തി സാധനങ്ങൾ വാങ്ങുകയും ബില്ല് നൽകാത്ത കടക്കാരനിൽനിന്ന് 20000 രൂപ പിഴ ഈടാക്കുകയും ചെയ്യുന്നതാണു ടെസ്റ്റ് പർച്ചേസുകൾ.

അതു കൂടുതൽ ശക്തമാക്കാനാണു ജിഎസ്ടി വിഭാഗത്തിന്റെ തീരുമാനം. സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് നിർബന്ധമായും കൊടുക്കണമെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കി.സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വരുമാനം പരമാവധി വർധിപ്പിക്കാനാണു സർക്കാർ നീക്കം. കഴിഞ്ഞ 2 വർഷത്തെ കോവിഡ് പ്രതിസന്ധി മൂലം കാര്യമായി പരിശോധന നടന്നിരുന്നില്ല. ഇപ്പോൾ പരിശോധന സജീവമാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

മതിയായ ബില്ല് ഇല്ലാതെ സാധനങ്ങൾ കടത്തുന്നതു കണ്ടെത്താൻ വാഹന പരിശോധന, വ്യാപാര സ്ഥാപനങ്ങളിലെ പരിശോധന എന്നിവ വർധിപ്പിക്കും. കഴിഞ്ഞ മാർച്ച് വരെ ജിഎസ്ടി ഇന്റലിജൻസ് കോഴിക്കോട് സോൺ 5761 വാഹന പരിശോധന നടത്തി 23.96 കോടി രൂപ പിഴയായി ഈടാക്കിയിരുന്നു. മതിയായ രേഖകളില്ലാതെ ചരക്ക് കടത്തിയവരിൽ നിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്.

അതേസമയം ടെസ്റ്റ് പർച്ചേസുകളുടെ പേരിൽ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. കോവി‍ഡ് പ്രതിസന്ധിയിൽനിന്നു വ്യാപാര മേഖല കരകയറി വരുന്നതേയുള്ളൂ. ഈ സാഹചര്യത്തിൽ പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥ പീഡനം അനുവദിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

മാർച്ച് വരെ നടത്തിയ പരിശോധന

∙വാഹന പരിശോധന– 1474
∙ഈടാക്കിയ പിഴ – 5.46 കോടി രൂപ
∙ബിൽ ഇല്ലാതെ സാധനങ്ങൾ നൽകിയ വ്യാപാരികൾ –136
∙ഇവരിൽ നിന്നു പിഴയായി ഈടാക്കിയത്– 15 ലക്ഷം രൂപ
∙കടകളിലും ഗോഡൗണുകളിലും നടത്തിയ പരിശോധന– 18
∙ഈടാക്കിയ പിഴ – 1.37 കോടി രൂപ
∙സ്വർണക്കടത്ത് – 2
∙ഇടാക്കിയ പിഴ – 21 ലക്ഷം രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com