ADVERTISEMENT

മണിയൂർ ∙ ജില്ലയിലെ പ്രധാന നെല്ലറയായ ചെരണ്ടത്തൂർ ചിറയിൽ ഈ വർഷം കൃഷി ഇറക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കർഷകർക്ക് ആശങ്ക. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പ്രധാനമായും നെൽക്കൃഷി നടക്കുന്ന ചെരണ്ടത്തൂർ, എളമ്പിലാട് പാടശേഖര സമിതിക്കു കീഴിൽ കൃഷി ഇറക്കിയ കർഷകർക്ക് വലിയ നഷ്ടമാണ് മുൻ വർഷങ്ങളിൽ ഉണ്ടായത്. ചിറയിൽ വെള്ളം പുറത്തേക്കും ആവശ്യത്തിനു തിരിച്ചും അടിക്കേണ്ട പമ്പ് ഹൗസ് പുതുക്കിപ്പണിയുകയോ പുതിയ മോട്ടർ സ്ഥാപിക്കയോ ചെയ്തിട്ടില്ല. കേടായ മോട്ടർ കൊണ്ടായിരുന്നു കഴിഞ്ഞ തവണ ജലസേചനം. പുതിയ മോട്ടർ പൊതിഞ്ഞു വച്ചിട്ട്  9 മാസമായി. ജലനിധിക്കു വേണ്ടി നിർമിച്ച കോൺക്രീറ്റ് തടയണ ഇതുവരെ പൊളിച്ചു മാറ്റിയിട്ടുമില്ല. 

എളമ്പിലാട്, ചെരണ്ടത്തൂർ ഭാഗങ്ങളിലായി പുതുതായി 4 പമ്പ് സെറ്റുകൾ ചിറയിൽ സ്ഥാപിക്കുമെന്നു പറഞ്ഞതും നടപ്പാക്കിയിട്ടില്ല. തികഞ്ഞ അവഗണനയാണ്  പഞ്ചായത്ത് ഭരണസമിതി, കൃഷി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവ കാണിക്കുന്നതെന്നാണു കർഷകരുടെ ആരോപണം. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമാകാത്തതിനാൽ കർഷകർ പ്രയാസത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന സംയുക്ത പാടശേഖര സമിതി യോഗത്തിൽ കർഷകർ ഇക്കാര്യം ഉന്നയിച്ചിരുന്നു. ബാങ്കിൽ നിന്ന് എടുത്ത വായ്പ കുടിശികയാണ്. മുൻ വർഷം കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ചെരണ്ടത്തൂർ ചിറയിൽ ഇത്തവണ കൃഷി ഇറക്കാൻ പറ്റില്ലെന്നു പാടശേഖര സമിതി പ്രസിഡന്റ് ബാബു പൊടിയേരി, കതിൽ നെൽ കൃഷിക്കൂട്ടം സെക്രട്ടറി യൂസഫ് എളമ്പിലാട് എന്നിവർ അറിയിച്ചു. 

അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ചിറ സംരക്ഷണ സമിതി കൃഷി മന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകി. ചെരണ്ടത്തൂർ ചിറയിൽ മുന്നൂറിൽ താഴെ ഏക്കറിലാണ് ഇപ്പോൾ നെൽക്കൃഷി ഉള്ളത്. അപ്രതീക്ഷിതമായ മഴയിൽ വെള്ളം കയറി കഴിഞ്ഞ 2 വർഷങ്ങളിൽ വൻ നഷ്ടമാണ് ഉണ്ടായത്. വെങ്ങാടിക്കൽ പമ്പ് ഹൗസിൽ പുതിയ മോട്ടർ സ്ഥാപിക്കുക എന്നതാണ് കർഷക ആവശ്യങ്ങളിൽ പ്രധാനം. ചിറയിൽ വലിയ ഭാഗം ഇപ്പോഴും തരിശായി കിടക്കുകയാണ്. നടു തോടിന്റെ നിർമാണം പൂർത്തിയാക്കിയാൽ 700 ഏക്കറിൽ കൃഷി ഇറക്കാനാകും. താഴെ ഭാഗത്തെ വെള്ളം ഒഴിവാക്കാനും  കര ഭാഗത്ത് വെള്ളം എത്തിക്കാനും പമ്പ് ഹൗസിൽ 2 മോട്ടർ വേണം. എങ്കിൽ കൂടുതൽ ഭാഗത്ത് കൃഷി ഇറക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com