ക്യൂൻസ് റോഡ് നടപ്പാതയിലെ കുഴി ഉടൻ അടയ്ക്കും
Mail This Article
വടകര∙ ക്യൂൻസ് റോഡിൽ 3 മാസമായി നവീകരണത്തിന്റെ ഭാഗമായി തുറന്നിട്ട നടപ്പാത ഉടൻ സ്ലാബിട്ട് മൂടാൻ കെ.കെ.രമ എംഎൽഎ വിളിച്ച യോഗത്തിൽ തീരുമാനം. മെയിൻ റോഡിൽ കാലങ്ങളായി അടഞ്ഞുകിടന്ന പൊതുമരാമത്ത് വകുപ്പിന്റെ കൾവർട്ട് നവീകരണവുമായി ബന്ധപ്പെട്ടാണ് അഴുക്കുചാൽ തുറന്നത്. കൾവർട്ട് നവീകരിച്ച് അഴുക്കു ജലം തുറന്നു വിട്ടാൽ അത് റെയിൽവേ സ്റ്റേഷൻ, പാക്കയിൽ ഭാഗത്തുള്ളവർക്ക് പ്രയാസമാകുമെന്ന് നഗരസഭ അഭിപ്രായപ്പെട്ടതിനാൽ കൾവർട്ട് തൽസ്ഥിതി തുടരാനും തുറന്നു വച്ച അഴുക്കുചാൽ ഉടൻ തന്നെ മൂടാനുമാണ് തീരുമാനം.
ഈ ജോലി ഉടൻ നടത്തണമെന്ന് കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു. പെരുവാട്ടുംതാഴ മുതൽ കരിമ്പനപ്പാലം വരെയുള്ള റോഡ് റീ ടാറിങ് പ്രവൃത്തി 20ന് ആരംഭിക്കാനും തീരുമാനമായി. നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭ എൻജിനീയറിങ് ഉദ്യോഗസ്ഥർ, ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.