11 ആനത്താരകളെ ബാധിക്കാതെ വയനാട്ടിലൂടെ ട്രയിൻ ഓടുമോ?; കൊയിലാണ്ടി– മൈസൂരു പാത വന്നാൽ...
Mail This Article
കോഴിക്കോട്∙ കൊയിലാണ്ടിയിൽനിന്ന് വയനാട്ടിലൂടെ മൈസൂരുവിലേക്ക് ട്രെയിനുകൾ ചൂളംവിളിച്ചോടുമോ? നിലമ്പൂർ– നഞ്ചൻകോട്, തലശ്ശേരി– മൈസൂരു പാതകൾ ചർച്ചകളിൽ മാത്രമൊതുങ്ങുമ്പോഴാണ് റെയിൽ മന്ത്രാലയം റെയിൽപാതയ്ക്കായി കൊയിലാണ്ടി– മൈസൂരു പാതയെന്ന നിർദേശം പരിഗണിക്കുന്നത്.
കൊയിലാണ്ടിയിൽ തുടങ്ങി മൈസുരുവിനടുത്ത് കാടകോളയിൽ അവസാനിക്കുന്നതാണ് നിർദിഷ്ട പാത. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളൻകുന്ന്, നിരവിൽപുഴ, തരുവണ, മീനങ്ങാടി, പുൽപള്ളി, കൃഷ്ണരാജപുരം, എച്ച്ഡി കോട്ട, വഴി കാടകോളയിൽ എത്തിച്ചേരുന്ന രീതിയിലാണ് പാത നിർദേശിച്ചിരിക്കുന്നത്. വയനാടിനും മൈസൂരുവിനുമിടയിൽ വനസമ്പത്തിനെ കാര്യമായി ബാധിക്കാത്ത തരത്തിലാണ് പദ്ധതി.
മൈസൂരു–തലശ്ശേരി, നഞ്ചൻകോട് നിലമ്പൂർ പദ്ധതികൾ വനമേഖലയെ ബാധിക്കുമെന്നു കാണിച്ചാണ് കർണാടക സർക്കാർ പദ്ധതികളുമായി സഹകരിക്കാത്തത്. നിലമ്പൂർ–നഞ്ചൻകോട് പാതയ്ക്കായി കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) രൂപീകരിച്ചിട്ടുണ്ട്. എന്നാൽ ഈ രണ്ടു പദ്ധതികളും മുന്നോട്ടുപോവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. നിലമ്പൂർ - നഞ്ചൻകോട്, തലശ്ശേരി - മൈസൂരു പദ്ധതികളെക്കാൾ പ്രായോഗികവും ഗുണകരവുമായ പദ്ധതിയാണ് പുതിയത്. കൽപറ്റയിൽ നിന്ന് മുള്ളൻകുന്നിലേക്ക് നേരിട്ട് റെയിൽ പാത നിർമിച്ചാൽ നിർമാണച്ചെലവും ദൂരവും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.
നിർദിഷ്ട ഗുരുവായൂർ–തിരുനാവായ പാതയുടെ നിർമാണം പൂർത്തിയാവുന്നതോടെ മൈസൂരു ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും കുറഞ്ഞ ദൂരമുള്ള പാതയായി ഇതു മാറുമെന്നാണ് പ്രതീക്ഷ. വയനാട്ടിൽ നിലവിൽ11 ആനത്താരകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയെ ബാധിക്കാത്ത രീതിയിൽ വനമേഖലയെ തൊടാതെ റെയിൽപാത നിർമിക്കുകയെന്നതാണ് വെല്ലുവിളി.
സ്വാഗതം ചെയ്തു
കോഴിക്കോട്∙ കൊയിലാണ്ടിയിൽ നിന്ന് ആരംഭിച്ച് വയനാട് വഴി മൈസൂരുവിലേക്കുള്ള റെയിൽവേ പദ്ധതി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ അസോസിയേഷൻ ദേശീയ - സംസ്ഥാന ഭാരവാഹികളുടെ അടിയന്തര സംയുക്ത യോഗം സ്വാഗതം ചെയ്തു. പദ്ധതിയുടെ സാധ്യതകളും പ്രായോഗിക വശങ്ങളും സതേൺ റെയിൽവേ മുൻ ചീഫ് കൺട്രോളർ കെ.എം.ഗോപിനാഥുമായി വിശദമായി ചർച്ച ചെയ്തു വിലയിരുത്തി. ദേശീയ ചെയർമാൻ ഡോക്ടർ എ.വി.അനൂപ്, വർക്കിങ് ചെയർമാൻ സി.ഇ.ചാക്കുണ്ണി, വൈസ് പ്രസിഡന്റ് കെ.ജോയ് ജോസഫ്, കൺവീനർ സൺഷൈൻ ഷൊർണൂർ, കെ.എസ്.ജോൺസൺ എന്നിവർ പ്രസംഗിച്ചു.