ADVERTISEMENT

ചക്കിട്ടപാറ ∙ ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടാൻ ചക്കിട്ടപാറ പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതി യോഗം തീരുമാനിച്ചു. ഇതിനായി ഉപസമിതി രൂപീകരിച്ചു. വിഷയത്തിൽ പഞ്ചായത്ത് കക്ഷി ചേരുമെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അറിയിച്ചിരുന്നു. റവന്യു, വനം,പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി 28 മുതൽ 31 വരെ ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. ജനങ്ങൾ നൽകിയ പരാതികളിലും സർവേ നമ്പറിലും പരിശോധന നടത്തും.

ബഫർ സോൺ വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സ്പെഷൽ ഗ്രാമസഭ ചേരും. പ്രശ്നം സംബന്ധിച്ച് ഗ്രാമസഭകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിശദീകരിക്കും. ഹെൽപ് ഡെസ്ക്കിന്റെ പ്രവർത്തനം 27 വരെ തുടരും. പഞ്ചായത്തിലെ മുഴുവൻ പരാതിക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കും. ജനുവരി മൂന്നിനുള്ളിൽ ബഫർ സോൺ മേഖല ഉൾപ്പെടുന്ന ഒരു കിലോമീറ്റർ ചുറ്റളവ് അടയാളപ്പെടുത്തി പ്രത്യേക മാപ്പ് തയാറാക്കാൻ തീരുമാനിച്ചു.പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ സി.കെ.ശശി, ഇ.എം.ശ്രീജിത്ത്, ബിന്ദു വൽസൻ, മെംബർമാരായ കെ.എ.ജോസുകുട്ടി, ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത് എന്നിവർ പ്രസംഗിച്ചു.

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ, മലബാർ വന്യജീവി സങ്കേതത്തിന്റെ സർക്കാർ രേഖയിലുള്ള ജിയോ കോഡിനേറ്റ് ഉപയോഗിച്ച് ഒരു കിലോമീറ്റർ അടയാളപ്പെടുത്തിയ ജനകീയ മാപ്പ്.

ഫീൽഡ് സർവേ ആരംഭിച്ചു

കൂരാച്ചുണ്ട്∙ ജനങ്ങളുടെ ആശങ്കയും പരാതിയും പരിഹരിക്കുന്നതിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തെ സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിനായി പഞ്ചായത്തിലെ കല്ലാനോട് തൂവക്കടവ് മേഖലയിൽ ഫീൽഡ് സർവേ ആരംഭിച്ചു. വനം, റവന്യു, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സർവകക്ഷി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി പരിശോധിച്ചത്. 65 പേരുടെ വീടും ഭൂമിയും സന്ദർശിച്ചു.

ഉപഗ്രഹ സർവേ മാപ്പ്, വനം വകുപ്പിന്റെ ഭൂപടം എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പരിശോധനയിൽ റിപ്പോർട്ടിലെ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമി, വീട്, സ്ഥാപനങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്. ഡിജിറ്റൽ സംവിധാനത്തിലാണ് വിവര ശേഖരണം അപ്‌ലോഡ് ചെയ്യുന്നത്. കല്ലാനോട് ഇന്ന് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ.അമ്മദ്, സിമിലി ബിജു, മെംബർ അരുൺ ജോസ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഷൈ രാജ്, ബിഎഫ്ഒ വി.ജി.അമൃത്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ.സുരേന്ദ്രൻ, പഞ്ചായത്ത് ജീവനക്കാരായ ജിതിൻകാന്ത്, കെ.അൽ‌ത്താഫ്, ജോൺസൺ താന്നിക്കൽ, കുഞ്ഞമ്മദ് കൂരാച്ചുണ്ട്, ജോസ് വട്ടുകുളം, ജോൺസൺ എട്ടിയിൽ, തോമസ് കുമ്പുക്കൽ എന്നിവർ നേതൃത്വം നൽകി.

കർഷക അതിജീവന  സമിതി ജനകീയ മാപ്പ് പുറത്തിറക്കി

ചക്കിട്ടപാറ∙ ബഫർ സോൺ വിഷയത്തിൽ മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കി കേരള കർഷക അതിജീവന സംയുക്ത സമിതി ജനകീയ മാപ്പ് ചക്കിട്ടപാറയിൽ പുറത്തിറക്കി. വന്യജീവി സങ്കേതത്തിന്റെ സർക്കാർ രേഖയിലുള്ള ജിയോ കോഡിനേറ്റ് ഉപയോഗിച്ച് കൃത്യമായി ഒരു കിലോമീറ്റർ അടയാളപ്പെടുത്തിയാണു മാപ്പ് പ്രസിദ്ധീകരിച്ചത്. സർക്കാർ കഴിഞ്ഞ 12ന് പ്രസിദ്ധീകരിച്ച മാപ്പിൽ നിന്നു വ്യത്യസ്തമായി ഒട്ടേറെ ജനവാസ മേഖലകൾ ഒഴിവാകുന്നുണ്ട്. കാസ് സംസ്ഥാന വൈസ് ചെയർമാൻ ജോയി കണ്ണഞ്ചിറ മാപ്പിനെക്കുറിച്ചു വിശദീകരിച്ചു. ജില്ലാ കൺവീനർ ബോണി ജേക്കബ് ആനത്താനം, ബാബു പുതുപ്പറമ്പിൽ, രാജൻ വർക്കി, സന്തോഷ് പടീറ്റിടത്ത്, ജീമോൻ സ്രാമ്പിക്കൽ, ബെന്നി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com