കെ.ടി.മുഹമ്മദ് ഓർമദിനം ഇന്ന്; നാടകവുമായി വനിതകൾ
Mail This Article
കോഴിക്കോട് ∙ സാധാരണക്കാരന്റെ ജീവിതവും രാഷ്ട്രീയവും നാടകവേദിയിൽ അവതരിപ്പിച്ച കെ.ടി.മുഹമ്മദിന്റെ ഓർമദിനം ഇന്ന്. ഈ ഓർമദിനത്തിൽ ഒരുകൂട്ടം സ്ത്രീകൾ അരങ്ങിലെത്തുകയാണ്, ലിംഗനീതിയുടെ രാഷ്ട്രീയം പറയുന്ന നാടകവുമായി. ‘റിപ്പബ്ലിക് ആമിന’ എന്ന നാടകം. പൊതുഇടങ്ങളിൽനിന്ന് പെണ്ണ് മാറ്റിനിർത്തപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് റിപ്പബ്ലിക് ആമിന ചോദിക്കുന്നത്. ഒരു ജനുവരി 26നാണ് കേന്ദ്രകഥാപാത്രമായ ആമിനയുടെ ജനനം. ആമിന ചായക്കട തുടങ്ങിയതും 26നായിരുന്നു. അങ്ങനെ ‘റിപ്പബ്ലിക് ആമിന’യായി. 40 വർഷമായി നടത്തിവരുന്ന കട ഒഴിപ്പിക്കാൻ കെട്ടിട ഉടമ ശ്രമിക്കുന്നതാണ് നാടകത്തിന്റെ കഥാഗതി.
സാമൂഹികപ്രവർത്തനത്തിൽ സജീവമായി നിൽക്കുന്ന വനിതകളുടെ കൂട്ടായ്മയായ ‘വിങ്സ് ഓഫ് കേരള’യാണ് നാടകം അരങ്ങിലെത്തിക്കുന്നത്. ഇരിപ്പുസമര നായികയായ വിജി പെൺകൂട്ടിനു വീടു നിർമിച്ചു നൽകിയതിലൂടെ വിങ്സ് ഓഫ് കേരള കോഴിക്കോട്ടുകാർക്ക് സുപരിചിതമാണ്.
കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലുള്ള വനിതകളാണ് അരങ്ങിലും അണിയറയിലുമുള്ളത്. പി.എം.ദീപ, സുധ ഹരിദ്വാർ എന്നിവരാണ് നാടകമെഴുതിയത്. കെ.എം.സോയ, എം.പി.ജസീന, ടി.പി.പ്രമീള, പി.എം.ദീപ, സൂര്യ പ്രിയ, പി.സജിനി, ജിനി ഏലക്കാട്ട്, സുധ ഹരിദ്വാർ എന്നിവരാണ് വേഷമിടുന്നത്. അധ്യാപകനായ ഷിബു മുത്താട്ടാണ് സംവിധാനം. ഇന്നു വൈകിട്ട് 6.30ന് നളന്ദ ഓഡിറ്റോറിയത്തിലാണ് ആദ്യാവതരണം നടക്കുന്നത്.
കെ.ടി.മുഹമ്മദ് അനുസ്മരണം
നാടകാചാര്യൻ കെ.ടി.മുഹമ്മദിന്റെ 15–ാം ചരമ വാർഷികദിനമായ ഇന്ന് ടൗൺഹാളിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു. വൈകിട്ട് 5 നു നടക്കുന്ന അനുസ്മരണ സമ്മേളനം നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും നാടക പ്രവർത്തക സംഘവും ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. രാത്രി 7 നു തിയറ്റർ ബിറ്റ്സിന്റെ ‘കൊമ്പത്തൊരുത്തി’ നാടകം അരങ്ങേറും.