ADVERTISEMENT

മുക്കം ∙അഞ്ച് പതിറ്റാണ്ടിലേറെ ഇരുവഞ്ഞിപ്പുഴയിലെ കടത്ത് തോണിക്കാരനായ നോർത്ത് കാരശ്ശേരി മോയില്ലത്ത് കണ്ടംകുളത്തി‍ൽ തെക്കെതൊടിക ബീരാൻകുട്ടി എന്ന നാട്ടുകാരുടെ ‘ബീരാൻട്ട്യാക്ക’(78)ഇനി ഓർമകളിൽ മാത്രം. ഇരുവഞ്ഞിപ്പുഴയും ചാലിയാർ പുഴയും ബീരാൻകുട്ട്യാക്കയ്ക്ക് എന്നും ആശ്രയവും അത്താണിയുമായിരുന്നു..

വിശാലമായ ഇരുവഞ്ഞിപ്പുഴയിലെ കടത്തു തോണി പഞ്ചായത്തിന്റെ ലേലം ചെയ്ത് വിളിച്ചെടുക്കുന്നവർക്കേ ലഭിക്കുമായിരുന്നുള്ളൂ..ഇതിന്റെ വലിയ തോണിയ്ക്കൊപ്പം സമാന്തരമായി നാട്ടുകാർക്ക് ഏത് പാതിരാവിലും ആശ്രയവും അനുഗ്രഹവുമായി ബീരാ‍ൻകുട്ട്യാക്കയും ചെറിയ തോണിയും ഇരുവ‍ഞ്ഞിപ്പുഴയുടെ ഒഴുക്കിലുണ്ടാവും. കാലവർഷത്തിന്റെ കലിതുള്ളലിൽ മുക്കം കടവിൽ നിന്നും കൂടങ്ങര മൂക്ക്, കിഴക്കേ കര തുടങ്ങിയ കരകളിലേക്ക് വലിയ തോണി സഞ്ചാരം തുടങ്ങിയാ‍ൽ ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞേ തിരിച്ചത്താറുണ്ടായിരുന്നുള്ളൂ...ഈ ഘട്ടത്തിൽ തിരക്കുള്ളവർക്ക്

ബീരാൻകുട്ട്യാക്കയുടെ സ്പെഷൽ തോണി എത്തുക പതിവായി..സന്തോഷത്തോടെ എന്തെങ്കിലും കൈ മടക്ക് നൽകിയാൽ മതി ,ഇനി ഒന്നും നൽകിയില്ലെങ്കിലും ചെറുപുഞ്ചിരിയോടെ ‘അത് പിന്നെ എടുക്കാം ’എന്ന സ്ഥിരം പറച്ചിലുംകാലവർഷത്തിന്റെ കുത്തൊഴുക്കിൽ ഒഴുകി എത്തുന്ന തേങ്ങ,അടയ്ക്ക, മരങ്ങൾ എല്ലാം പെറുക്കി തോണിയിൽ പിടിച്ചിട്ടുന്നതും ഇദേഹത്തിന്റെ ഹോബിയായിരുന്നു..

വേനലിൽ പുഴകളിൽ വറ്റി വരണ്ടു തുടങ്ങിയാ‍ൽ ചാലിയാറിൽ തോണി മാർഗ്ഗം തന്നെ പുലർച്ചയ്ക്ക് പോയി എരുന്തും എരുന്ത് ഇറച്ചിയും എത്തിച്ച് വിൽപന നടത്തിയും ഉപജീവനം നടത്തിയിരുന്നു. ഇതല്ലെങ്കിൽ ഇരുവഞ്ഞിപ്പുഴയുടെ മണൽ തിട്ടകളിലെത്തുന്നവർക്ക് പായസം ഉണ്ടാക്കി വിൽപന നടത്തും. തണ്ടാടി വല ഉപയോഗിച്ചും വല വീശിയെറിഞ്ഞും പുഴ മീൻ പിടിച്ചും ഉപജീവനത്തിന് മാർഗ്ഗം കണ്ടെത്തി. 

ഇരുവഞ്ഞിപ്പുഴയിൽ മുക്കം കടവിൽ കോൺക്രീറ്റ് പാലം വന്നതോടെ കടത്തു തോണി നിർത്തേണ്ടി വന്നെങ്കിലും തോണിയോടുള്ള സ്നേഹം അടങ്ങിയില്ല. പെരുംമഴയിൽ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി യാത്രാ ദുരിതം തീർക്കുമ്പോൾ അവിടെയും  ഇദേഹം തോണിയുമെത്തും..

സുഖമില്ലായതോടെ തന്റെ പ്രിയപ്പെട്ട തോണി വിൽപന നടത്താൻ തീരുമാനിച്ചെങ്കിലും അമരത്ത് ബീരാൻകുട്ട്യാക്കയില്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ തോണിക്കും കഴിയാത്തത് കൊണ്ടായിരിക്കാം 2018 ൽ പുഴയിൽ വെള്ളം കയറിയ ഒരു ദിവസം തോണിയും കയർ പൊട്ടിച്ച് ഇരുവഞ്ഞിപ്പുഴയിൽ ഒലിച്ചു പോയത്.നാട്ടുകാരും ബന്ധുമിത്രാദികളും സുഹൃത്തുക്കളും അടങ്ങുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തണ്ണീർപൊയിൽ ജുമുഅത്ത് പള്ളിയിൽ കബടക്കം നടത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com