തുറക്കുംമുൻപ് സ്കൂളുകളിൽ സമഗ്ര പരിശോധന
Mail This Article
മുക്കം∙ മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സ്കൂളുകളിൽ സമഗ്ര പരിശോധനയുമായി വിദ്യാഭ്യാസ അധികൃതരും തദ്ദേശ സ്ഥാപന മേധാവികളും. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ നിർദേശിച്ച മാർഗ നിർദേശങ്ങളും ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും തദ്ദേശ സ്ഥാപന മേധാവികൾക്കുമൊപ്പം ആരോഗ്യ വകുപ്പ്, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ടോ, സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തിയോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. മുക്കം ഉപജില്ലയിൽ ഇതിനായി പ്രത്യേക വിവര ശേഖരണ ഫോം തയാറാക്കി സ്കൂൾ അധികൃതർക്ക് നേരത്തേ തന്നെ വിതരണം ചെയ്തതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.ഓംകാരനാഥൻ പറഞ്ഞു.
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്, ഇൻഷുറൻസ്, സ്കൂളുകൾക്ക് സമീപത്ത് അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റിയോ തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. കുടിവെള്ളം പരിശോധിച്ച് ഉപയോഗ്യമാണോ എന്നും അന്വേഷിക്കുന്നുണ്ട്. മുക്കം ഉപജില്ലയ്ക്കു കീഴിൽ മുക്കം നഗരസഭയിലെയും കാരശ്ശേരി, തിരുവമ്പാടി, കാരശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെയും സ്കൂളുകളിൽ പരിശോധന പൂർത്തിയായി. മറ്റിടങ്ങളിലും അടുത്ത ദിവസങ്ങളിൽ പൂർത്തീകരിക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്റ്റാഫ്, പിടിഎ, എസ്എംസി തുടങ്ങിയ യോഗങ്ങൾ ചേർന്നിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
നഗരസഭ പരിധിയിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയ്ക്ക് നഗരസഭാധ്യക്ഷൻ പി.ടി.ബാബു, എഇഒ പി.ഓംകാരനാഥൻ, ബിപിസി പി.എൻ.അജയൻ, സ്ഥിരം സമിതി അധ്യക്ഷൻ വി.കുഞ്ഞൻ, മുൻ സ്ഥിരം സമിതി അധ്യക്ഷൻ എം.മധു തുടങ്ങിയവർ നേതൃത്വം നൽകി.