ADVERTISEMENT

കോഴിക്കോട് ∙ മതിയായ അഗ്നിശമന സുരക്ഷാ സംവിധാനങ്ങളില്ലാതെ ഫ്ലാറ്റുകളും റസിഡൻഷ്യൽ അപ്പാർട്മെന്റുകളും. രോഗികളും പ്രായമായവരും അടക്കമുള്ളവർ താമസിക്കുന്ന ഫ്ലാറ്റുകളിൽ അപ്രതീക്ഷിത തീപിടിത്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാകുന്നു. കഴിഞ്ഞ ദിവസം കോട്ടൂളിയിലെ ഫ്ലാറ്റിൽ തീപിടിത്തം ഉണ്ടായപ്പോൾ സുരക്ഷാ സംവിധാനങ്ങളൊന്നും പ്രവർത്തിച്ചില്ല. ഇതോടെ 30 കിടപ്പുരോഗികളെ ചുമലിലേറ്റി കോണിപ്പടി ഇറക്കി കൊണ്ടുവരേണ്ടി വന്നു അഗ്നിശമന സേനയ്ക്ക്. ഫയർ അലാം പ്രവർത്തിക്കാത്തതിനാൽ തീപിടിത്തമുണ്ടായത് അറിയാതെ ഉറങ്ങിക്കിടന്ന പല കുടുംബങ്ങളെയും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ വാതിലിൽ തട്ടി ഉണർത്തിയാണ് പുറത്തെത്തിച്ചത്.

ഫ്ലാറ്റുകൾക്ക് അനുമതി നൽകുമ്പോൾ അഗ്നിശമന സൗകര്യങ്ങൾ നിർബന്ധമാണ്. അനുമതി കിട്ടിക്കഴിഞ്ഞാൽ ഇവ പ്രവർത്തിപ്പിക്കാത്തതിനാൽ ഉപയോഗശൂന്യമാവുകയാണ്. 2014നു മുൻപ് നിർമിച്ചവയ്ക്കാണെങ്കിൽ അനുമതി ഓരോ വർഷവും പുതുക്കേണ്ടതുമില്ല. അതിനാൽ മിക്ക ഫ്ലാറ്റുകളിലും അഗ്നിശമന സൗകര്യങ്ങൾ നിർജീവമാണ്. ആശുപത്രികളോടു ചേർന്നുള്ള ഫ്ലാറ്റുകളിലെ താമസക്കാർ ചികിത്സയ്ക്കായി വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയവരാണ്. ഇത്തരം ഫ്ലാറ്റുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് വലിയ അപകടങ്ങളുണ്ടാക്കും. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഫ്ലാറ്റുകളിലെ സുരക്ഷ സംവിധാനം പ്രവർത്തിപ്പിച്ചു നോക്കണമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.

ഫ്ലാറ്റിൽ വേണ്ട അഗ്നിസുരക്ഷ സംവിധാനങ്ങൾ എന്തെല്ലാം?

 വെള്ളം സംഭരിക്കാൻ കെട്ടിടത്തിനു മുകളിൽ
വലിയ ടാങ്ക്. വലിയ ഉയരമുള്ള കെട്ടിടമാണെങ്കിൽ
മണ്ണിനടിയിലെ ടാങ്ക്.
 കെട്ടിടത്തിന്റെ ഉയരം കൂടുന്നതിന് അനുസരിച്ചു
കൂടുതൽ സംഭരണ ശേഷിയുള്ള ടാങ്കുകൾ വേണം.
 ടാങ്കിൽ നിന്നു വെള്ളം എത്തിക്കാൻ ഓരോ
നിലയിലും വാട്ടർ വാൽവുകൾ, പൈപ്പുകൾ.
 ഓരോ നിലയിലും ഫയർ എസ്റ്റിൻഗ്യൂഷർ,
ഫയർ അലാം.
 തീപിടിത്തമുണ്ടായാൽ പുറത്തേക്കിറങ്ങാൻ
പ്രത്യേക വഴി

പരിശോധനയിലും മെല്ലെപ്പോക്ക്

കോഴിക്കോട്∙ നഗരത്തിലെ ഫ്ലാറ്റുകളിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടു ദുരന്ത നിവാരണ അതോറിറ്റി അഗ്നിശമന സേനയ്ക്കു നിർദേശം നൽകിയെങ്കിലും കാര്യമായ പരിശോധനകളൊന്നും നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. ഏതാനും ചില ഫ്ലാറ്റുകൾ സംബന്ധിച്ച റിപ്പോർട്ട് മാത്രമാണ് അഗ്നിശമന സേന നൽകിയത്. കോട്ടൂളിയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധനയ്ക്കു നിർദേശം നൽകി വീണ്ടും കത്തു നൽകി.


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com