ജപ്പാൻ ചരക്കുകപ്പൽ ‘എംവി സീവേവ് ’ ബേപ്പൂർ വിടുന്നു; 60,000 ലീറ്റർ ഡീസൽ, വെള്ളം, ഭക്ഷ്യവസ്തുക്കൾ കപ്പലിൽ കയറ്റി
Mail This Article
ബേപ്പൂർ ∙ ഇന്ധനം നിറയ്ക്കാൻ ബേപ്പൂരിൽ എത്തിയ ജപ്പാൻ ചരക്കുകപ്പൽ ‘എംവി സീവേവ്’ ഇന്നു തുറമുഖം വിടും. 60,000 ലീറ്റർ ഡീസൽ, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ ഇതിനകം കപ്പലിൽ കയറ്റി. ഹോങ്കോങ് തുറമുഖത്തു ചരക്കിറക്കി സിംഗപ്പൂരിലേക്ക് പോകുംവഴി കഴിഞ്ഞ ദിവസമാണ് കപ്പൽ തുറമുഖ വാർഫിൽ അടുപ്പിച്ചത്.
യാത്രയ്ക്കിടെ കൊച്ചി തുറമുഖത്തു നിന്നു ഇന്ധനം നിറയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും സാധ്യമായിരുന്നില്ല. കപ്പൽ കഴിഞ്ഞദിവസം ബേപ്പൂർ പുറംകടലിൽ നങ്കൂരമിട്ടു. ഷിപ്പിങ് കമ്പനി അധികൃതർ പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഒ.സിജോ ഗോർഡിയസുമായി ബന്ധപ്പെട്ടതോടെയാണ് ഇന്ധനവും ഭക്ഷ്യവസ്തുക്കളും കയറ്റുന്നതിനു ബേപ്പൂർ തുറമുഖത്ത് അടുപ്പിക്കാൻ അനുമതി നൽകിയത്.
ക്യാപ്റ്റൻ അമിത് നേഗിയുടെ നേതൃത്വത്തിൽ 12 ജീവനക്കാരുണ്ട്. തുറമുഖ വാർഫിൽ അടുപ്പിച്ച കപ്പലിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇമിഗ്രേഷൻ പരിശോധന നടത്തി. മണ്ണടിഞ്ഞ് ആഴം കുറഞ്ഞ തുറമുഖത്തെ കപ്പൽ ചാലിലൂടെ പോർട്ട് പൈലറ്റ് കെ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ തുറമുഖത്തെ കേരളം, മിത്ര ടഗ്ഗുകളുടെ അകമ്പടിയോടെ ഏറെ സാഹസികമായാണു വിദേശ കപ്പൽ വാർഫിൽ അടുപ്പിച്ചത്. ബേപ്പൂരിലെ കപ്പൽ ചാലിന് ആഴം കുറവായതിനാൽ, ചരക്ക് ഉണ്ടെങ്കിൽ ഇത്തരം വലിയ കപ്പലുകൾക്ക് തുറമുഖത്തേക്കു പ്രവേശിക്കാൻ കഴിയില്ല.
English Summary : Japan cargo ship 'MV Seawave' leaves Beypur