വൈദ്യുതി പ്രസരണമില്ല; സോളർ വേലികളും ആന നശിപ്പിക്കുന്നു
Mail This Article
വാണിമേൽ∙ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതു തടയാൻ വനാതിർത്തിയിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച സോളർ കമ്പി വേലികൾ പലയിടങ്ങളിലും കാട്ടാനകൾ നശിപ്പിക്കുന്നു. പല വേലികളിലും വൈദ്യുതി പ്രസരണമില്ലാത്തതാണ് ആനകൾക്ക് കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ സഹായകരമാകുന്നത്. ഇതിനായി സ്ഥാപിച്ച ബാറ്ററികൾ പലതും താറുമാറായി കിടക്കുകയാണ്. ഇവയുടെ സംരക്ഷണത്തിന് കർഷകരെ ഉൾപ്പെടുത്തി പ്രാദേശികമായി സമിതികളുണ്ടാക്കുകയാണ് വനം വകുപ്പ് ചെയ്തിരുന്നത്. വാച്ചർമാരുടെയും വനം അധികൃതരുടെയും സഹായവും ഇക്കാര്യത്തിൽ ലഭ്യമായിരുന്നു.
ഇപ്പോൾ കർഷകരിൽ ഏറെ പേരും മലമ്പ്രദേശങ്ങളിൽ നിന്നു വീടൊഴിഞ്ഞു കഴിഞ്ഞു. വന്യജീവികളുടെ തുടർച്ചയായ ഭീഷണിയും ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയും രോഗം വന്നാൽ ചകിത്സയ്ക്കു പോലും സൗകര്യങ്ങളില്ലാത്തതുമൊക്കെയാണ് കർഷകർ കൃഷി ഭൂമി വിറ്റും ഉപേക്ഷിച്ചുമൊക്കെ മറ്റിടങ്ങളിലേക്ക് മാറാൻ കാരണം. നാളികേര വിലയിടിവു കാരണം നാട്ടിൻ പുറങ്ങളിൽ താമസിക്കുന്ന കർഷകർ എപ്പോഴെങ്കിലുമാണ് കൃഷിയിടങ്ങളിൽ എത്തുന്നതു പോലും. കാട്ടാനകൾ വിളകൾ നശിപ്പിച്ചത് പലപ്പോഴും കർഷകർ കാണുന്നതും ഇത്തരം ഘട്ടങ്ങളിലാണ്. വാച്ചർമാർക്ക് കൂലി കൃത്യമായി ലഭിക്കാത്ത പ്രശ്നവും നിലവിലുണ്ട്.