വിൽപനയ്ക്ക് കഞ്ചാവ് എത്തിച്ച മംഗളൂരു സ്വദേശികൾ പിടിയിൽ
Mail This Article
തിരുവമ്പാടി ∙ വിൽപനയ്ക്കു എത്തിച്ച 3.400 കിലോഗ്രാം കഞ്ചാവുമായി 2 മംഗളൂരു സ്വദേശികളെ തിരുവമ്പാടി പൊലീസും ജില്ലാ ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. മംഗളൂരു കൊണാജ് ഗ്രാമചാവടി പജീർ അംജദ് ഇക്തിയാർ (28), ജോക്കട്ടെ നിഷ അപ്പാർട്മെന്റിൽ അൻസാർ നവാസ് (28) എന്നിവരാണ് അറസ്റ്റിൽ ആയത്.
കോഴിക്കോട്, മലപ്പുറം, കാസർകോട് കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് വേണ്ടി എത്തിച്ചതാണ് കഞ്ചാവ്. മുക്കം, താമരശ്ശേരി എന്നിവിടങ്ങളിലെ ലഹരിമരുന്ന് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ് നാട്ടിലെ തേനിയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.
അംജദ് ഇക്തിയാർ നാലു വർഷം മുൻപ് ആന്ധ്രയിൽ കഞ്ചാവ് കേസിൽ ജയിലിൽ കിടന്നതാണ് .കക്കാടംപൊയിൽ കള്ളിപ്പാറ ഒരു വീട് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന.പ്രതികൾക്ക് ലഹരി മരുന്ന് എത്തിച്ചു നൽകിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
തിരുവമ്പാടി എസ്ഐ ബേബി മാത്യു, സിപിഒമാരായ എൻ.എം.രതീഷ്,ടി.കെ.ലതീഷ്, ഡാൻസാഫ് സ്ക്വാഡും എസ്ഐ മാരായ റോയിച്ചൻ,രാജീവ് ബാബു, പി.ബിജു, സീനിയർ സിപിഒമാരായ എൻ.എം. ജയരാജൻ, പി.പി.ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.